Skip to content

അന്ന് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത് ! ന്യൂസിലൻഡിനെതിരെ മുന്നറിയിപ്പുമായി ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിൽ ഇക്കുറി ന്യൂസിലൻഡിനെ അനായാസം ഇന്ത്യ പരാജയപെടുത്തുമെന്ന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യ ലോകകപ്പിൽ ഭയത്തോടെയാണ് കളിക്കുന്നതെന്ന മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂളിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് ന്യൂസിലൻഡിനെ ശ്രീശാന്ത് കടന്നാക്രമിച്ചത്.

പ്രമുഖ ഇംഗ്ലീഷ് ചാനലിൽ സംസാരിക്കവെയാണ് ഇന്ത്യൻ ഫിയർലെസ്സ് ക്രിക്കറ്റ് കളിക്കേണ്ടതിൻ്റെ ആവശ്യകത ഡൂൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ മുൻ താരത്തിൻ്റെ പ്രസ്താവന ശ്രീശാന്തിന് രസിച്ചില്ല. ഇന്ത്യ ഭയത്തോടെയാണോ കളിക്കുന്നതെന്ന് ഈ ലോകകപ്പിൽ ന്യൂസിലൻഡിന് മനസ്സിലാകുമെന്നും അവരെ ഇന്ത്യ പരാജയപെടുത്തുമെന്നും ശ്രീശാന്ത് തുറന്നുപറഞ്ഞു.

” ന്യൂസിലൻഡ് ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഇന്ത്യ അറ്റാക്കിങ് ക്രിക്കറ്റ് ആണോ അല്ലയോ എന്ന് അവർക്ക് മനസ്സിലാകും. അവരെ നമ്മൾ പരാജയപെടുത്തും. 2019 ലോകകപ്പിൽ ധോണി റണ്ണൗട്ടായത് അവരുടെ ഭാഗ്യമാണ്. ഫൈനലിൽ എത്തിയ ശേഷം അവർ എന്താണ് ചെയ്തത്. ഏകദിന ലോകകപ്പ് വിജയിക്കാത്ത ഇംഗ്ലണ്ടിന് അവർ കന്നികിരീടം സമ്മാനിച്ചു. ഇക്കുറി ന്യൂസിലൻഡ് എന്തായാലും വിജയിക്കില്ല. ഭാവിയിൽ ഒരുപക്ഷേ അവർക്ക് സാധിച്ചേക്കാം. ”

” സൈമൺ ഡൂളിനോട് എനിക്ക് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ഇക്കുറി ഇന്ത്യയ്ക്കെതിരെ ഒരുപാട് കാര്യങ്ങൾ ന്യൂസിലൻഡ് പഠിക്കും. തീർച്ചയായും ഐസിസി ഇവൻ്റുകളിൽ അവർ നമുക്കെതിരെ നന്നായി കളിച്ചിട്ടുണ്ട്. പക്ഷേ ആ സമയമെല്ലാം അവസാനിച്ചു. വിരാട് കോഹ്ലി അടക്കമുള്ളവർ അദ്ദേഹം പറഞ്ഞതുകേട്ടാൽ ഇന്ത്യ ന്യൂസിലൻഡ് മത്സരം കൂടുതൽ രസകരമാകും. ” ശ്രീശാന്ത് കൂട്ടിച്ചേർത്തു.