Skip to content

പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട് !! ഒടുവിൽ അയർലൻഡിനെ രക്ഷിച്ചത് മഴ

ഇംഗ്ലണ്ടും അയർലൻഡും തമ്മിലുളള മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഇംഗ്ലണ്ട് പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കവെയാണ് ശക്തമായ മഴ വില്ലനായി എത്തിയത്. ഇതോടെ മത്സരം പിന്നീട് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപെടുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 280 റൺസ് നേടി ബാറ്റ് ചെയ്യവെയാണ് അയർലൻഡിൻ്റെ രക്ഷയ്ക്കായി മഴ എത്തിയത്. 78 പന്തിൽ 12 ഫോറും 2 സിക്സും അടക്കം 107 റൺസ് നേടിയ ബെൻ ഡക്കറ്റ് ഇംഗ്ലണ്ടിനായി പുറത്താകാതെ ക്രീസിലുണ്ടായിരുന്നു.

ഓപ്പണിങ് കൂട്ടുകെട്ടിൽ 7 ഓവറിൽ 87 റൺസ് ഇംഗ്ലണ്ട് നേടിയിരുന്നു. വെറും 22 പന്തിൽ ഫിഫ്റ്റി നേടിയ ഫിലിപ്പ് സാൾട്ടാണ് ഗംഭീര തുടക്കം ടീമിന് നൽകിയത്. 28 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പെടെ 61 റൺസ് നേടിയാണ് സാൾട്ട് പുറത്തായത്. വിൽ ജാക്ക്സ് 21 പന്തിൽ 39 റൺസ് നേടി. എട്ടോവറിനുള്ളിൽ തന്നെ ഇംഗ്ലണ്ട് 100 കടന്നിരുന്നു. ക്യാപ്റ്റൻ സാക് ക്രോലിയാകട്ടെ 42 പന്തിൽ 51 റൺസ് നേടി.

മത്സരം ഉപേക്ഷിക്കപെട്ടതോടെ പരമ്പര 1-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. മത്സരത്തോടെ ഇംഗ്ലണ്ടിൻ്റെ ഹോം സീസണും അവസാച്ചു.