Skip to content

ലോകകപ്പിൽ അശ്വിൻ ഉണ്ടാകുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തിരിച്ചെത്തി തകർപ്പൻ പ്രകടനമാണ് സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെയാണ് ഇന്ത്യ അശ്വിനെ തിരികെ വിളിച്ചത്. ഇതിന് പുറകെ അശ്വിൻ ലോകകപ്പിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. ഇക്കാര്യത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

ആദ്യ രണ്ട് മത്സരങ്ങളിലെ വിശ്രമത്തിന് ശേഷമാണ് രാജ്കോട്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ തിരിച്ചെത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ വിജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. മൂന്നാം മത്സരത്തിന് മുൻപായാണ് അശ്വിൻ ലോകകപ്പിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് രോഹിത് ശർമ്മ മറുപടി നൽകിയത്.

അശ്വിൻ്റെ ക്ലാസും പരിചയസമ്പത്തും ഒരിക്കലും കുറച്ചുകാണുവാൻ സാധിക്കുകയില്ലെന്നും ഓസ്ട്രേലിയക്കെതിരെ അശ്വിൻ നന്നായി പന്തെറിഞ്ഞുവെന്നും മികച്ച വാരിയേഷനുകൾ അശ്വിൻ്റെ പക്കലുണ്ടെന്നും ഒരു അവസരം ഉണ്ടാവുകയാണെങ്കിൽ അശ്വിൻ തീർച്ചയായും ലോകകപ്പിൽ ഉണ്ടാകുമെന്നും ലോകകപ്പിനായി ബാക്കപ്പുകൾ തയ്യാറാണെന്നും രോഹിത് ശർമ്മ പറഞ്ഞു.

ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ നേടികൊണ്ട് ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയിലേക്ക് വരുമ്പോൾ മൂന്നാം മത്സരത്തിൽ നിരവധി താരങ്ങൾക്ക് വിശ്രമം നൽകികൊണ്ടാണ് ഇന്ത്യ എത്തുന്നത്. ശുഭ്മാൻ ഗിൽ, ഷാർദുൽ താക്കൂർ, മൊഹമ്മദ് ഷാമി അടക്കമുള്ളവർ മത്സരത്തിൽ കളിക്കില്ല. രോഹിത് ശർമയും വിരാട് കോഹ്ലിയും മത്സരത്തിൽ തിരിച്ചെത്തുമെങ്കിലും ഹാർദിക്ക് പാണ്ഡ്യ മൂന്നാം മത്സരത്തിലും ഉണ്ടാകില്ല.