Skip to content

ഏകദിന ലോകകപ്പ് ! കേരളത്തിലെത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം

ഐസിസി ഏകദിന ലോകകപ്പിനായി അഫ്ഗാനിസ്ഥാൻ ടീം കേരളത്തിലെത്തി. റാഷിദ് ഖാൻ, മുജീബ് റഹ്മാൻ, നവീൻ ഉൾ ഹഖ് എന്നിവർ അടങ്ങുന്ന സംഘമാണ് ലോകകപ്പിനായി കേരളത്തിൽ എത്തിയിരിക്കുന്നത്.

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ വെള്ളിയാഴ്ച്ച സൗത്താഫ്രിക്കയുമായി അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരം കളിക്കും. ഏഷ്യ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പിനായി എത്തുന്നത്. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ തോൽവി ക്രിക്കറ്റ് ലോകത്ത് തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ലോകകപ്പിലേക്ക് വരുമ്പോൾ റാഷിദ് ഖാൻ തന്നെയാകും അഫ്ഗാനിസ്ഥാൻ്റെ തുറുപ്പുചീട്ട്. അതിനൊപ്പം മുജീബ് റഹ്മാൻ, മൊഹമ്മദ് നബി എന്നീ സ്പിന്നർമാരുടെയും പ്രകടനം നിർണ്ണായകമാകും. മൂവരും ബാറ്റിങ് മികവും ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാന് ഗുണം ചെയ്യും.

ലോകകപ്പിലേക്ക് വരുമ്പോൾ നാല് സന്നാഹ മത്സരങ്ങൾക്കാണ് തിരുവനന്തപുരം വേദിയാകുന്നത്. സെപ്റ്റംബർ 29 ന് അഫ്ഗാനിസ്ഥാൻ – സൗത്താഫ്രിക്ക മത്സരവും തൊട്ടടുത്ത ദിവസം ഓസ്ട്രേലിയ – നെതർലൻഡ്സ് മത്സരത്തിനും ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് – സൗത്താഫ്രിക്ക മത്സരത്തിനും ഒക്ടോബർ മൂന്നിന് ഇന്ത്യ – നെതർലൻഡ്സ് മത്സരവും തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.

BookmyShow വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. 300 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.