Skip to content

ആരെ പുറത്താക്കിയാലും കുഴപ്പമില്ല !! അവനെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണം !! നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനവും ഉറപ്പാക്കി. എന്നാൽ പ്ലേയിങ് ഇലവനിലെ കോംബിനേഷനിൽ വലിയ തലവേദന ഇപ്പോഴും ടീമിനുണ്ട്. അതിനിടെ ഇക്കാര്യത്തിൽ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

ഐസിസി ഏകദിന ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെന്ന നിർദ്ദേശമാണ് ഹർഭജൻ സിങ് മുൻപോട്ട് വെച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും ഫിഫ്റ്റി നേടികൊണ്ട് താരം മികവ് തെളിയിച്ചിരുന്നു. ഇതോടെയാണ് ഇത്തരമൊരു നിർദേശം ഹർഭജൻ മുൻപോട്ട് വെച്ചത്.

” സൂര്യകുമാർ യാദവിനെ ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കണം. അതിന് വേണ്ടി ആരെ മാറ്റിയാലും എനിക്ക് പ്രശ്നമില്ല. പക്ഷേ അവൻ്റെ പേര് ആദ്യം പ്ലേയിങ് ഇലവനിൽ ഉൾപെടുത്തണം. അവനൊരു മാച്ച് വിന്നറാണ്. ഒറ്റയ്ക്ക് മത്സരം ഏകപക്ഷീയമാക്കുവാൻ അവന് സാധിക്കും. നമ്മൾ ഫിനിഷർമാരെ കുറിച്ച് സംസാരിക്കുന്നു. അവനാണ് ആ ഫിനിഷർ, ഇന്ത്യക്കായി അഞ്ചാമനായി അവൻ കളിക്കണം. ” ഹർഭജൻ സിങ് പറഞ്ഞു.

ശ്രേയസ് അയ്യർ കൂടെ സെഞ്ചുറി നേടി ഫോമിൽ എത്തിയതോടെ ആരെ ഉൾപ്പെടുത്തും ആരെ ഒഴിവാക്കുമെന്ന ആശയകുഴപ്പത്തിലാണ് ടീം മാനേജ്മെൻ്റ് ഉള്ളത്. ഇഷാൻ കിഷനെ ഒഴിവാക്കിയാൾ ഇടംകയ്യൻ താരത്തിൻ്റെ അഭാവം ഇന്ത്യൻ ടീമിലുണ്ടാകും. മറുഭാഗത്ത് സൂര്യകുമാർ യാദവും ഗംഭീര പ്രകടനം പുറത്തെടുത്ത് നിൽക്കുകയാണ്. ഇന്ത്യൻ ടീമിൻ്റെ തീരുമാനം എന്താകുമെന്ന് കണ്ടുതന്നെ അറിയണം.