Skip to content

15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് ന്യൂസിലൻഡ്

ബംഗ്ളാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് അനായാസ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ന്യൂസിലൻഡ് വിജയിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് കിവികൾ സ്വന്തമാക്കി.

മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 34.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. 80 പന്തിൽ 70 റൺസ് നേടിയ വിൽ യങ്, 86 പന്തിൽ പുറത്താകാതെ 50 റൺസ് നേടിയ ഹെൻറി നിക്കോൾസ് എന്നിവരാണ് ന്യൂസിലൻഡിന് അനായാസ വിജയം സമ്മാനിച്ചത്.

നീണ്ട 15 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ന്യൂസിലൻഡ് ബംഗ്ലാദേശിൽ ഏകദിന പരമ്പര വിജയിക്കുന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിന് 34.3 ഓവറിൽ 171 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 84 പന്തിൽ 76 റൺസ് നേടിയ ഹൊസൈൻ ഷാൻ്റോ മാത്രമാണ് ബംഗ്ലാ നിരയിൽ തിളങ്ങിയത്. ന്യൂസിലൻഡിനായി ആദം മിൽനെ നാല് വിക്കറ്റും ട്രെൻഡ് ബോൾട്ട്, കോൾ മാകോഞ്ചി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡ് 86 റൺസിന് വിജയിച്ചിരുന്നു.