Skip to content

അവരെ നിസാരരായി കാണാനാകില്ല ! അവർ ഞങ്ങൾക്കെതിരെ പ്ലാൻ ചെയ്യുകയാകും : ശ്രേയസ് അയ്യർ

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും അനായാസ വിജയം കുറിച്ചുവെങ്കിലും ഓസ്ട്രേലിയയെ ഒരിക്കലും നിസാരരായി താൻ കാണില്ലെന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിൽ നേടിയ വിജയത്തിന് ശേഷമായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് കൂടിയായ ശ്രേയസ് അയ്യരുടെ ഈ പ്രതികരണം.

ഇന്ത്യ ഏഷ്യ കപ്പും ഏകദിന പരമ്പരയും വിജയിച്ചപ്പോൾ ലോകകപ്പിന് മുൻപേ തുടർച്ചയായ അഞ്ചാം തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയത്. ഓസ്ട്രേലിയ ഇതൊരു പരിശീലന മത്സരം മാത്രമാമായാണ് കാണുന്നതെന്നും ലോകകപ്പിൽ തങ്ങൾക്കെതിരെ എന്തുചെയ്യണമെന്ന് ഇതിനോടകം അവർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടാകുമെന്നും അയ്യർ പറഞ്ഞു.

” ഓസ്ട്രേലിയൻ ടീം എങ്ങനെയാണെന്ന് ഞങ്ങൾക്ക് അറിയാം. ഇതൊരു പരിശീലന മത്സരം മാത്രമായിട്ടായിരിക്കും അവർ കാണുന്നത്. അങ്ങനെയാണ് അവർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. അതിനായി അവർ പരീക്ഷണങ്ങൾ നടത്തുകയാണ്. ഇന്ത്യയിലെ സാഹചര്യങ്ങൾ മനസ്സിലാക്കുവാൻ അവർ എല്ലാ താരങ്ങൾക്കും അവസരം നൽകുകയാണ്. “

” അതിനൊപ്പം തന്നെ ജയിക്കാൻ വേണ്ടി തന്നെയാണ് അവർ കളിക്കുന്നതും. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കെതിരെയും ബാറ്റിങിന് ഇറങ്ങുമ്പോൾ എനിക്കെതിരെയും എന്തുചെയ്യണമെന്ന് ഇതിനോടകം അവർ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ഒരിക്കലും അവർ നിസാരരായി ഞാൻ കാണില്ല. ” ശ്രേയസ് അയ്യർ മത്സരശേഷം പറഞ്ഞു.

മത്സരത്തിലെ വിജയത്തോടെ ഇന്ത്യ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായി തന്നെ ലോകകപ്പിൽ കളിക്കും. മൂന്നാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാറ് കോഹ്ലി അടക്കമുള്ളവർ ഇന്ത്യക്കായി തിരിച്ചെത്തും. അതിനൊപ്പം ശുഭ്മാൻ ഗിൽ, ഷാർദുൽ താക്കൂർ എന്നിവർക്ക് ഇന്ത്യ വിശ്രമവും അനുവദിച്ചു.