Skip to content

അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ബാറ്റിങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ വാർണർ അശ്വിനെതിരെ വലം കയ്യനായാണ് ബാറ്റ് ചെയ്തത്. ഇപ്പോഴിതാ വാർണറിൻ്റെ ഈ മാറ്റത്തിന് മുതിർന്നതിൻ്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം സീൻ അബോട്ട്.

മത്സരത്തിലെ പതിമൂന്നാം ഓവറിലായിരുന്നു അശ്വിനെതിരെ വലംകയ്യനായി വാർണർ ബാറ്റ് ചെയ്തത്. വലംകയ്യനായി ബാറ്റ് ചെയ്ത് അശ്വിനെതിരെ ബൗണ്ടറിയും വാർണർ നേടിയിരുന്നു. എന്നാൽ വാർണറിൻ്റെ കളി അധികം നീണ്ടുനിന്നില്ല. അടുത്ത ഓവറിൽ തന്നെ വാർണറിനെ വിക്കറ്റിന് മുൻപിൽ കുരുക്കി അശ്വിൻ പുറത്താക്കി. ബാറ്റിൽ എഡ്ജ് ഉണ്ടായിട്ടും റിവ്യൂ ചെയ്യാതിരുന്നതും വാർണറിന് തിരിച്ചടിയായി.

ഡേവിഡ് വാർണർ ഇടം കയ്യനായി ബാറ്റ് ചെയ്താൽ അശ്വിന് പിഴവുകൾ ഒന്നും സംഭവിക്കുകയില്ലായിരുന്നുവെന്നും പന്ത് ടേൺ ചെയ്യാൻ കൂടെ തുടങ്ങിയതോടെയാണ് ഇത്തരമൊരു മാറ്റത്തിന് വാർണർ മുതിർന്നതെന്നും എന്നിട്ടും വാർണറിനെ പുറത്താക്കിയത് അശ്വിൻ്റെ കഴിവിൻ്റെ സാക്ഷ്യമാണെന്നും അബോട്ട് പറഞ്ഞു.

ഡേവിഡ് വാർണർ ഗോൾഫ് കളിക്കുന്നത് വലംകയ്യനാണെന്നും കൂടാതെ സ്വിച്ച് ഹിറ്റിലും മറ്റുമുളള വാർണറിൻ്റെ കഴിവ് കണ്ടിട്ടുള്ളതാണെന്നും ഇൻഡോറിൽ നടന്ന ടെസ്റ്റ് മൽസരത്തിനിടെ ഇതിനെ കുറിച്ച് ചർച്ചകൾ നടത്തിയിരുന്നുവെന്നും വലംകയ്യനായി വാർണർ നെറ്റ്സിൽ പരിശീലനം നടത്താറുണ്ടെന്നും അബോട്ട് മത്സരശേഷം തുറന്നുപറഞ്ഞു.

മത്സരത്തിൽ ഡേവിഡ് വാർണറിന് പുറമെ മാർനസ് ലാബുഷെയ്ൻ, ജോഷ് ഇംഗ്ലീഷ് എന്നിവരെയും അശ്വിൻ പുറത്താക്കിയിരുന്നു. അക്ഷർ പട്ടേലിൻ്റെ പരിക്ക് ഭേദമാകാത്തതിനാൽ അടുത്ത മത്സരത്തിലും അശ്വിൻ ഇന്ത്യക്കായി കളിക്കും.