Skip to content

നാല് മാസമായി ശമ്പളമില്ല !! പ്രതിഷേധത്തിന് ഒരുങ്ങി പാകിസ്ഥാൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ പാകിസ്ഥാൻ ക്രിക്കറ്റ് പ്രതിസന്ധിയിൽ. നിലവിൽ നാഷണൽ കരാർ ഇല്ലാതെയാണ് പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി നടത്തികൊണ്ടിരിക്കുന്ന ചർച്ചകൾ ഇതുവരെയും ഫലം ചെയ്തിട്ടുമില്ല. ഇപ്പോഴിതാ ഇക്കാര്യത്തിൽ പരസ്യമായി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പാകിസ്ഥാൻ താരങ്ങൾ.

റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പിൽ സ്പോൺസർമാരുടെ ലോഗോ പ്രദർശിപ്പിക്കാൻ പാകിസ്ഥാൻ താരങ്ങൾ വിസമ്മതിച്ചിരിക്കുകയാണ്. സെപ്റ്റംബർ 27 നാണ് പാകിസ്ഥാൻ ഇന്ത്യയിലേക്ക് തിരിക്കേണ്ടത്. അതിനിനിയും കഷ്ടിച്ച് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കളിക്കാരും ക്രിക്കറ്റ് ബോർഡും തമ്മിലുളള തർക്കം എങ്ങും എത്താതെ തുടരുന്നത്.

കഴിഞ്ഞ നാല് മാസമായി മാച്ച് ഫീസും മറ്റുമായി ലഭിക്കേണ്ട ശമ്പളം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്നും കളിക്കാർക്ക് ലഭിച്ചിട്ടില്ല. പാകിസ്ഥാന് വേണ്ടി സൗജന്യമായി കളിക്കുവാൻ തങ്ങൾ തയ്യാറണെന്നും പക്ഷേ ശമ്പളം കിട്ടാത്ത ഞങ്ങൾ ബോർഡുമായി ബന്ധമുള്ള സ്പോൺസർമാരുടെ ലോഗോ എന്തിന് പ്രദർശിപ്പിക്കണമെന്നും കൂടാതെ ലോകകപ്പിൽ ഐസിസിയുടെ പ്രൊമോഷൻ ഇവൻ്റുകളിലും തങ്ങൾ പങ്കെടുക്കുകയില്ലെന്നും പാക് താരങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നേരത്തെ ക്രിക്കറ്റ് ബോർഡ് മുൻപോട്ട് വെച്ച കരാർ പാകിസ്ഥാൻ താരങ്ങൾ നിർദ്ദേശിച്ചിരുന്നു. കിട്ടുന്ന തുകയിൽ ടാക്സ് കുറച്ചാൽ കുറഞ്ഞ തുക മാത്രമാണ് കളിക്കാർക്ക് ലഭിക്കുക. ഐസിസിയിൽ നിന്നും ലഭിക്കുന്ന തുകയിൽ നിശ്ചിത ശതമാനം കളിക്കാർക്ക് നൽകണമെന്നാണ് ബാബർ അടക്കമുള്ളവരുടെ ആവശ്യം. നിലവിൽ ഐസിസിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ 10 ശതമാനം പോലും പാകിസ്ഥാൻ കളിക്കാർക്ക് നൽകുന്നില്ല. ഐസിസിയിൽ നിന്നും പ്രതിവർഷം 280 കോടിയിലധികം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ലഭിക്കുന്നുണ്ട്.