Skip to content

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ !! അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടി ഫോമിലെത്തിയതിൻ്റെ സൂചന നൽകിയ താരം രണ്ടാം മത്സരത്തിൽ തകർത്താടുകയായിരുന്നു. ഈ പ്രകടനത്തോടെ അപൂർവ്വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ.

ഇന്ത്യ 99 റൺസിന് വിജയിച്ച മത്സരത്തിൽ 37 പന്തിൽ പുറത്താകാതെ 72 റൺസ് സൂര്യകുമാർ യാദവ് നേടിയിരുന്നു. 6 ഫോറും 6 സിക്സും സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയിരുന്നു. വെറും 24 പന്തിൽ നിന്നുമാണ് താരം മത്സരത്തിൽ ഫിഫ്റ്റി നേടിയത്. മത്സരത്തിൽ കാമറോൺ ഗ്രീനിനെതിരെ ഒരോവറിൽ തുടർച്ചയായി നാല് സിക്സും സൂര്യകുമാർ പറത്തിയിരുന്നു. ഈ നാല് സിക്സ് നേടിയതോടെയാണ് അപൂർവ്വ റെക്കോർഡ് താരത്തെ തേടി എത്തിയിരിക്കുന്നത്.

കാമറോൺ ഗ്രീനിനെതിരെ നേടിയ തുടർച്ചയായ ഈ നാല് സിക്സോടെ ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ തുടർച്ചയായി നാല് സിക്സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി സൂര്യകുമാർ യാദവ് മാറി.

2017 ൽ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായി സ്വന്തമാക്കിയ ഇന്ത്യൻ താരമാകട്ടെ സഹീർ ഖാനാണ്. 2000 ൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ ഹെൻറി ഒലോങയ്ക്കെതിരെയായിരുന്നു സഹീർ ഖാൻ തുടർച്ചയായി നാല് സിക്സ് നേടിയത്.

മത്സരത്തിൽ 24 പന്തിൽ നേടിയ ഫിഫ്റ്റിയോടെ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും സൂര്യകുമാർ യാദവ് സ്വന്തമാക്കി. 2013 ൽ 27 പന്തിൽ ഫിഫ്റ്റി നേടിയ കിങ് കോഹ്ലിയെയാണ് സൂര്യകുമാർ യാദവ് പിന്നിലാക്കിയത്.