Skip to content

എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

കരീബിയൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായിരിക്കുകയാണ് ഇമ്രാൻ താഹിർ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്സ്. വമ്പന്മാർ അണിനിരന്ന ട്രിബംഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ടാണ് ഇമ്രാൻ താഹിറും കൂട്ടരും വിജയം കുറിച്ചത്. വിജയത്തിന് ശേഷം തന്നെ പിന്തുണച്ചതിൽ ഇന്ത്യൻ താരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് താഹിർ.

ഫൈനലിൽ 9 വിക്കറ്റിൻ്റെ അനായാസ വിജയം നേടിയാണ് ഗയാന കന്നികിരീടം നേടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സിനെ 94 റൺസിൽ ഒതുക്കികൊണ്ട് 95 റൺസിൻ്റെ വിജയലക്ഷ്യം 14 ഓവറിൽ ഗയാന ആമസോൺ വാരിയേഴ്സ് മറികടന്നു.

സീസണിൽ തന്നെ ക്യാപ്റ്റനാക്കിയതിന് ശേഷം ഒരുപാട് പേർ തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും എന്നാൽ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ മാത്രമാണ് തന്നെ പിന്തുണച്ചതെന്നും കിരീടം നേടുവാൻ എനിക്ക് സാധിക്കുമെന്ന് അശ്വിൻ പറഞ്ഞിരുന്നുവെന്നും ഇമ്രാൻ താഹിർ ഫൈനലിന് ശേഷം വെളിപ്പെടുത്തി.

പൊള്ളാർഡ്, നിക്കോളാസ് പൂരൻ, ആന്ദ്രെ റസ്സൽ, ബ്രാവോ, സുനിൽ നരെയ്ൻ അടക്കമുള്ള വമ്പൻ താരനിരയുമായാണ് നൈറ്റ് റൈഡേഴ്സ് എത്തിയത്. എന്നിട്ടും ഫൈനലിൽ വിജയിക്കാൻ നൈറ്റ് റൈഡേഴ്സിന് സാധിച്ചില്ല. ഷായ് ഹോപ്പ്, സയിം ആയുബ് എന്നിവരുടെ പ്രകടനമാണ് സീസണിൽ ഉടനീളം ഗയാനയ്ക്ക് മേധാവിത്വം സമ്മാനിച്ചത്. ഹോപ്പ് 481 റൺസും ആയുബ് 478 റൺസും സീസണിൽ നേടിയിരുന്നു. മറുഭാഗത്ത് ക്യാപ്റ്റൻ ഇമ്രാൻ താഹിർ 13 മത്സരങ്ങളിൽ നിന്നും 18 വിക്കറ്റ് നേടി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു.