Skip to content

ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് പരമ്പരയിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേക്ക് ഇന്ത്യ അശ്വിനെ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ തിരിച്ചുവരവിലെ രണ്ടാം മത്സരത്തിൽ തന്നെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് അശ്വിൻ.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയ അശ്വിൻ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഡേവിഡ് വാർണർ, മാർനസ് ലാബുഷെയ്ൻ, ജോഷ് ഇംഗ്ലീഷ് എന്നിവരുടെ വിക്കറ്റുകളാണ് അശ്വിൻ വീഴ്ത്തിയത്.

ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന ചരിത്ര റെക്കോർഡ് അശ്വിൻ സ്വന്തമാക്കി. മൂന്ന് ഫോർമാറ്റിൽ നിന്നുമായി ഓസ്ട്രേലിയക്കെതിരെ 144 വിക്കറ്റ് അശ്വിൻ നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ തന്നെ 142 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ, പാകിസ്ഥാനെതിരെ 141 വിക്കറ്റ് നേടിയിട്ടുള്ള കപിൽ ദേവ് എന്നിവരെയാണ് അശ്വിൻ പിന്നിലാക്കിയത്.

മത്സരത്തിലേക്ക് വരുമ്പോൾ 99 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടിയിരുന്നു. പിന്നീട് മഴ കളി തടസ്സപെടുത്തിയ ശേഷം 33 ഓവറിൽ 317 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 28.2 ഓവറിൽ 217 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.