Skip to content

ലോകകപ്പിന് മുൻപേ തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഓസ്ട്രേലിയ !! പക്ഷേ സന്തോഷിക്കാൻ വരട്ടെ

സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ഓസ്ട്രേലിയ. തുടർച്ചയായ അഞ്ചാം തോൽവിയാണ് ഓസ്ട്രേലിയ ഏറ്റുവാങ്ങിയിരിക്കുന്നത്. ലോകകപ്പിന് മുൻപേയുള്ള ഈ തോൽവികൾ ഓസ്ട്രേലിയക്ക് നിരാശ സമ്മാനിക്കുന്നുവെങ്കിലും ക്രിക്കറ്റ് പ്രേമികൾക്ക് ഇതൊരു അപായ സൂചനയാണ്.

പരമ്പരകളിൽ എത്ര മോശം പ്രകടനമാണെങ്കിലും ലോകകപ്പിലേക്ക് എത്തുമ്പോൾ മറ്റൊരു ഓസ്ട്രേലിയയെയാണ് കാണുവാൻ സാധിക്കുക. 2021 ൽ നടന്ന ഐസിസി ടി20 ലോകകപ്പ് തന്നെയാണ് അതിന് പ്രധാന ഉദാഹരണം.

യു എ ഇയിൽ നടന്ന ആ ലോകകപ്പിന് മുൻപ് നടന്ന 9 ടി20 മത്സരങ്ങളിലും എട്ടിലും പരാജയപെട്ടുകൊണ്ടാണ് ഓസ്ട്രേലിയ അന്ന് ലോകകപ്പിലേക്ക് എത്തിയത്. ഭൂരിഭാഗം ആളുകളും ലോകകപ്പിൽ ഓസ്ട്രേലിയൻ സാധ്യതകളെ തള്ളി കളഞ്ഞിരുന്നു. എന്നാൽ ബംഗ്ളാദേശിനോടും വെസ്റ്റിൻഡീസിനോടും തോറ്റ് എത്തിയ ഓസ്ട്രേലിയ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ആ ലോകകപ്പിൽ ചാമ്പ്യന്മാരായി മാറി.

അത് മാത്രമല്ല 2007 ലോകകപ്പിന് മുൻപ് നടന്ന പരമ്പരകളിലും തുടർതോൽവികൾ ഏറ്റുവാങ്ങികൊണ്ടാണ് റിക്കി പോണ്ടിങും കൂട്ടരും എത്തിയത്. ആ ലോകകപ്പിൽ ഒരു തോൽവി പോലും അറിയാതെയാണ് ഓസ്ട്രേലിയ കിരീടം നേടിയത്.

വിജയത്തേക്കാൾ കൂടുതൽ തോൽവികളിൽ നിന്നും പഠിക്കാനാകുമെന്നതിൻ്റെ ഉത്തമ ഉദാഹരണം തന്നെയാണ് ഓസ്ട്രേലിയ. എന്നാൽ ഇക്കുറി തോൽവികളെ മാത്രമല്ല പരിക്കിനെ കൂടെ ഓസ്ട്രേലിയക്ക് തരണം ചെയ്യേണ്ടതുണ്ട്. ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. പരമ്പര തോൽവിയ്ക്ക് ഓസ്ട്രേലിയ പകരം വീട്ടുമോ അതോ ഇന്ത്യ വിജയതുടർച്ച നേടുമോ എന്ന് കണ്ടുതന്നെ അറിയണം.