Skip to content

ഇന്ത്യയെ വിറപ്പിച്ച അബോട്ട് നിസാരക്കാരനല്ല !! ലോകകപ്പിൽ ഓസ്ട്രേലിയയുടെ തുറുപ്പുചീട്ട്

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തകർത്താടിയപ്പോൾ ഓസ്ട്രേലിയൻ ബാറ്റിങ് നിരയിൽ ഡേവിഡ് വാർണറും സീൻ അബോട്ടും മാത്രമാണ് തിളങ്ങിയത്. ഇതിൽ ശ്രദ്ധേയമായത് അബോട്ട് എന്ന ബൗളിങ് ഓൾ റൗണ്ടറുടെ പ്രകടനമാണ്.

DLS നിയമപ്രകാരം 33 ഓവറിൽ 317 റൺസ് റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്കായി എട്ടാമനായാണ് താരം ക്രീസിലെത്തിയത്. സ്കോർ 135 ൽ നിൽക്കെ കാമറോൺ ഗ്രീനിനെയും 140 ൽ ആദം സാംപയെയും പുറത്താക്കിയതോടെ അതിവേഗത്തിൽ വിജയം നേടാമെന്ന് ഇന്ത്യ കരുതിയിരുന്നു.

എന്നാൽ ഒമ്പതാം വിക്കറ്റിൽ ജോഷ് ഹേസൽവുഡിനൊപ്പം ഗംഭീര പോരാട്ടമാണ് അബോട്ട് കാഴ്ച്ചവെച്ചത്. ഹേസൽവുഡിനൊപ്പം 77 റൺസ് ഒമ്പതാം വിക്കറ്റിൽ താരം കൂട്ടിച്ചേർത്തു. വെറും 28 പന്തിൽ ഫിഫ്റ്റി നേടിയ അബോട്ട് 36 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പെടെ 54 റൺസ് നേടിയാണ് ഒടുവിൽ പുറത്തായത്.

ഇതാദ്യമായല്ല താരം ഇത്തരത്തിൽ ഗംഭീര പ്രകടനം കാഴ്ച്ചവെയ്ക്കുന്നത്. ഈ വർഷം മേയ് മാസത്തിൽ ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റിൽ ഒറ്റയാൾ പോരാട്ടം നടത്തി ഗംഭീര സെഞ്ചുറി താരം നേടിയിരുന്നു. കെൻ്റിനെതിരായ മത്സരത്തിൽ സറേയ്ക്ക് വേണ്ടി ആറാമനായി എത്തിയ താരം വെറും 34 പന്തിൽ സെഞ്ചുറി നേടുകയും 41 പന്തിൽ 4 ഫോറും 11 സിക്സും അടക്കം പുറത്താകാതെ 110 റൺസ് കൂട്ടിചേർത്തിരുന്നു.

ലോകകപ്പിൽ താരം ഓസ്ട്രേലിയയെ തുറുപ്പുചീട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. വാലറ്റത്തിനും ബാറ്റ് ചെയ്യാനാകുമെന്നതിന് തന്നെയാണ് തുടർതോൽവികൾക്കിടയിലും ഓസ്ട്രേലിയയ്ക്ക് ആത്മവിശ്വാസം നൽകുന്ന കാര്യം.