Skip to content

ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

ലോകകപ്പിന് മുൻപേ വീണ്ടും ഒരുമിച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് സീനിയർ താരങ്ങളായ അശ്വിനും ജഡേജയും. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കളിക്കുന്ന രണ്ടാം ഏകദിനത്തിൽ തന്നെ ഇരുവരും ഇന്ത്യയുടെ വിജയശിൽപ്പികളായി മാറി.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീതം നേടികൊണ്ടാണ് ഇരുവരും ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. തിരിച്ചുവരവ് മത്സരത്തിൽ ഒരു വിക്കറ്റ് മാത്രം നേടിയ അശ്വിൻ എന്നാൽ ഇക്കുറി ഇപ്പോഴും തന്നെ വെല്ലാൻ പൊന്നവരില്ലെന്ന് തെളിയിക്കുകയായിരുന്നു. രണ്ടോവറിൽ മൂന്ന് വിക്കറ്റ് നേടികൊണ്ട് താരം മത്സരം ഇന്ത്യയ്ക്ക് സമ്മാനിച്ചു.

7 ഓവറിൽ 41 റൺസ് വഴങ്ങി മാർനസ് ലാബുഷെയ്ൻ, ജോഷ് ഇംഗ്ലീഷ്, ഡേവിഡ് വാർണർ എന്നിവരുടെ വിക്കറ്റുകൾ അശ്വിൻ വീഴ്ത്തി. മറുഭാഗത്ത് വിക്കറ്റ് കീപ്പർ അലക്സ് കാരി, ആദം സാംപ, ഫിഫ്റ്റി നേടി ഇന്ത്യയ്ക്ക് തലവേദനയായ സീൻ അബോട്ട് എന്നിവരെയാണ് ജഡേജ പുറത്താക്കിയത്.

പരിക്കേറ്റ അക്ഷർ പട്ടേലിന് പകരക്കാരനായാണ് രവിചന്ദ്രൻ അശ്വിൻ ടീമിലെത്തിയത്. ഇനി അശ്വിൻ ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. ഓഫ് സ്പിന്നർ എത്രത്തോളം പ്രധാനമാണെന്ന് ഈ മത്സരത്തിലൂടെ തന്നെ അശ്വിൻ തെളിയിച്ചിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ DLS നിയമപ്രകാരം 99 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 33 ഓവറിൽ 317 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 28.2 ഓവറിൽ 217 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 104 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 105 റൺസ് നേടിയ ശ്രേയസ് അയ്യർ, 37 പന്തിൽ പുറത്താകാതെ 72 റൺസ് നേടിയ സൂര്യകുമാർ യാദവ്, 52 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ എന്നിവരുടെ മികവിലാണ് 50 ഓവറിൽ 399 റൺസെന്ന കൂറ്റൻ സ്കോർ നേടിയത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.