Skip to content

അതിശക്തം !! ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ആതിഥേയരായ ഇന്ത്യയ്ക്ക് വിജയം ഇൻഡോറിൽ നടന്ന മത്സരത്തിൽ 99 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. വിജയത്തോടെ ഏകദിന പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി.

മഴ കളി തടസ്സപെടുത്തിയ മത്സരത്തിൽ 33 ഓവറിൽ 317 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 28.2 ഓവറിൽ 217 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 39 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 53 റൺസ് നേടിയ ഡേവിഡ് വാർണറും 36 പന്തിൽ 54 റൺസ് നേടിയ അബോട്ടും മാത്രമാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്. ഒമ്പതാം വിക്കറ്റിൽ ജോഷ് ഹേസൽവുഡും അബോട്ടും ചേർന്ന് 77 റൺസ് ഓസ്ട്രേലിയക്കായി കൂട്ടിചേർത്തു.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർ മൂന്ന് വിക്കറ്റ് വീതവും പ്രസീദ് കൃഷ്ണ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് അടിച്ചുകൂട്ടിയിരുന്നു. 90 പന്തിൽ 11 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 105 റൺസ് നേടിയ ശ്രേയസ് അയ്യർ, 97 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പെടെ 104 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 37 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പെടെ 72 റൺസ് നേടിയ സൂര്യകുമാർ യാദവ്, 38 പന്തിൽ 52 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 18 പന്തിൽ 31 റൺസ് നേടിയ ഇഷാൻ എന്നിവർ തിളങ്ങിയതോടെയാണ് കൂറ്റൻ സ്കോർ ഇന്ത്യ കുറിച്ചത്. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ കൂടിയാണിത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇന്ത്യ സ്വന്തമാക്കി. ബുധനാഴ്ച്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അവസാന മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ അടക്കമുള്ളവർ ഇന്ത്യക്കായി തിരിച്ചെത്തും.