Skip to content

ഓസ്ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനം !! സൂര്യകുമാർ യാദവ് തകർത്തത് കോഹ്ലിയുടെ റെക്കോർഡ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിൽ ദയനീയ പ്രകടനം തുടർന്നിരുന്ന താരം കഴിഞ്ഞ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഫോമിൽ തിരിച്ചെത്തിയത്. അതിന് പിന്നാലെയാണ് ഈ മത്സരത്തിൽ അതിഗംഭീര പ്രകടനം താരം പുറത്തെടുത്തിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തോടെ കിങ് കോഹ്ലിയുടെ തകർപ്പൻ റെക്കോർഡും തകർത്തിരിക്കുകയാണ് സൂര്യകുമാർ യാദവ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 399 റൺസ് നേടിയപ്പോൾ സൂര്യകുമാർ യാദവ് 37 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പടെ പുറത്താകാതെ 72 റൺസ് അടിച്ചുകൂട്ടിയിരുന്നു.

മത്സരത്തിൽ വെറും 24 പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ് തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കി. 2013 ൽ ഓസ്ട്രേലിയക്കെതിരെ 27 പന്തിൽ ഫിഫ്റ്റി നേടിയ കിങ് കോഹ്ലിയുടെ റെക്കോർഡാണ് സൂര്യകുമാർ യാദവ് തകർത്തത്.

ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ്റെ ഏറ്റവും വേഗതയേറിയ ആറാം ഫിഫ്റ്റി കൂടിയാണിത്. കപിൽ ദേവ്, വിരേന്ദർ സെവാഗ്, രാഹുൽ ദ്രാവിഡ്, യുവരാജ് സിങ് എന്നിവർ 22 പന്തിൽ ഇന്ത്യയ്ക്കായി ഫിഫ്റ്റി നേടിയിട്ടുണ്ട്. 2000 ൽ സിംബാബ്‌വെയ്ക്കെതിരെ 21 പന്തിൽ ഫിഫ്റ്റി നേടിയ അജിത് അഗാർക്കറാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്.