Skip to content

ഒരോവറിൽ തുടർച്ചയായി നാല് സിക്സ് ! കാമറോൺ ഗ്രീനിനെ അടിച്ചൊതുക്കി സൂര്യകുമാർ യാദവ് : വീഡിയോ കാണാം

അതിഗംഭീര പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി നേടി ഏകദിനത്തിൽ ഫോം വീണ്ടെടുത്ത താരം ഇക്കുറി തൻ്റെ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു.

41 ആം ഓവറിൽ ഇഷാൻ കിഷൻ പുറത്തായ ശേഷമാണ് സൂര്യകുമാർ യാദവ് ക്രീസിലെത്തിയത്. ആദ്യ 9 പന്തുകളിൽ വെറും 4 റൺസ് മാത്രമാണ് താരം നേടിയിരുന്നത്. എന്നാൽ പിന്നീട് ഓസ്ട്രേലിയൻ ബൗളർമാർ സൂര്യകുമാർ യാദവിൻ്റെ ബാറ്റിൻ്റെ ചൂടറിഞ്ഞു.

വെറും 24 പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ് തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. മത്സരത്തിലെ 44 ആം ഓവറിൽ മുംബൈ ഇന്ത്യൻസിൽ തൻ്റെ സഹതാരം കൂടിയായ യുവതാരം കാമറോൺ ഗ്രീനിനെതിരെ ആദ്യ നാല് പന്തിൽ തുടർച്ചയായി നാല് സിക്സ് സൂര്യകുമാർ യാദവ് പറത്തി. മത്സരത്തിൽ 37 പന്തിൽ 6 ഫോറും 6 സിക്സും അടക്കം പുറത്താകാതെ 72 റൺസ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി.

സൂര്യകുമാർ യാദവിനൊപ്പം 97 പന്തിൽ 104 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 90 പന്തിൽ 105 റൺസ് നേടിയ ശ്രേയസ് അയ്യർ, 38 പന്തിൽ 52 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 18 പന്തിൽ 31 റൺസ് നേടിയ ഇഷാൻ കിഷൻ എന്നിവരും ഇന്ത്യക്കായി മികവ് പുലർത്തി. നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലും ഓസ്ട്രേലിയക്കെതിരായ ഒരു ടീമിൻ്റെ ഏറ്റവും വലിയ നാലാമത്തെ ടീം ടോട്ടലും കൂടിയാണിത്.

വീഡിയോ :