Skip to content

ഇത് വിമർശിച്ചവർക്കുള്ള മറുപടി !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. ഇൻഡോറിൽ നടക്കുന്ന മത്സരത്തിൽ മൂന്നാമനായി എത്തിയാണ് തകർപ്പൻ സെഞ്ചുറി ശ്രേയസ് അയ്യർ കുറിച്ചത്.

മത്സരത്തിൽ 86 പന്തിൽ നിന്നുമാണ് അയ്യർ തൻ്റെ സെഞ്ചുറി കുറിച്ചത്. ഏകദിന ക്രിക്കറ്റിലെ ശ്രേയസ് അയ്യരുടെ മൂന്നാം സെഞ്ചുറിയാണിത്. നാലാം ഓവറിൽ റിതുരാജ് ഗയ്ക്ക്വാദിനെ നഷ്ടപെട്ട ശേഷം ക്രീസിലെത്തിയായിരുന്നു ശുഭ്മാൻ ഗില്ലിനൊപ്പം മികച്ച പ്രകടനം അയ്യർ പുറത്തെടുത്തത്. ടീമിലെ തൻ്റെ സ്ഥാനം ചോദ്യം ചെയ്തവർക്കുള്ള മറുപടിയായിരുന്നു ശ്രേയസ് അയ്യരുടെ ഈ സെഞ്ചുറി.

90 പന്തിൽ 11 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 105 റൺസ് നേടിയാണ് ശ്രേയസ് അയ്യർ പുറത്തായത്. ശുഭ്മാൻ ഗില്ലിനൊപ്പം രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടിച്ചേർത്തുകൊണ്ടാണ് ശ്രേയസ് അയ്യർ മടങ്ങിയത്. മറുഭാഗത്ത് ശുഭ്മാൻ ഗിൽ 92 പന്തിൽ തൻ്റെ സെഞ്ചുറി പൂർത്തിയാക്കി. ഏകദിന ക്രിക്കറ്റിലെ ഗില്ലിൻ്റെ ആറാം സെഞ്ചുറിയാണിത്.

മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലാണ് ഉള്ളത്. ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ മത്സരത്തിന് എത്തിയിരിക്കുന്നത്. ബുംറയ്ക്ക് ഇടവേള അനുവദിച്ച ഇന്ത്യ പ്രസീദ് കൃഷ്ണയെ ടീമിൽ ഉൾപെടുത്തി. മറുഭാഗത്ത് മൂന്ന് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയ എത്തിയിരിക്കുന്നത്.