Skip to content

റാങ്കിങിൽ കാര്യമില്ല !! ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീർ

ഏഷ്യ കപ്പിന് പുറകെ ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലും വിജയിച്ചുകൊണ്ട് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ഇന്ത്യയ്ക്കായി. എന്നാൽ ലോകകപ്പിലേക്ക് വരുമ്പോൾ ഈ റാങ്കിങ് കൊണ്ടൊന്നും കാര്യമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

ലോകകപ്പ് വിജയിക്കണം എന്നുണ്ടെങ്കിൽ ഓസ്ട്രേലിയയെ പരാജയപെടുത്തണമെന്നും പരമ്പരകളിൽ കളിക്കുന്ന ഓസ്ട്രേലിയയെ അല്ല ലോകകപ്പിൽ കാണാനാവുകയെന്നും ഗംഭീർ ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി.

” നോക്കൂ ഞാനിത് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. ലോകകപ്പ് വിജയിക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ ഓസ്ട്രേലിയയെ പരാജയപെടുത്തണം. 2007 ൽ നമ്മൾ ടി20 ലോകകപ്പ് നേടി അന്ന് സെമിയിൽ ഓസ്ട്രേലിയയെ നമ്മൾ പരാജയപെടുത്തി. 2011 ലും നമ്മൾ ലോകകപ്പ് നേടി അന്നും സെമി ഫൈനലിൽ നമ്മൾ ഓസ്ട്രേലിയയെ പരാജയപെടുത്തി. ഐസിസി ടൂർണമെൻ്റിൽ ഏറ്റവും ശക്തരായ ടീം ഓസ്ട്രേലിയയാണ്. റാങ്കിങിൽ ഒരു കാര്യവുമില്ല.”

” റാങ്കിങിൽ അവർ ഏത് പൊസിഷനിലുമാകാം. പക്ഷേ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെൻ്റുകളിൽ ഓസ്ട്രേലിയ അതിശക്തരായി മാറും. അവർക്ക് മികച്ച കളിക്കാരുണ്ട്. ആത്മവിശ്വാസമുണ്ട്. അതിനൊപ്പം നിർണ്ണായക ഘട്ടത്തിൽ വിജയിക്കാനുള്ള കഴിവും ഉണ്ട്. നോക്കൂ വിജയിച്ച രണ്ട് ലോകകപ്പിൽ നോക്കൗട്ടിൽ നമ്മൾ അവരെ പരാജയപെടുത്തി. 2015 ലോകകപ്പിൽ നമ്മൾ പുറത്തായത് സെമിയിൽ ഓസ്ട്രേലിയയോട് തോറ്റതോടെയാണ്. ഇത്തവണ അവർക്കെതിരെയാണ് നമ്മുടെ ആദ്യ മത്സരം. അതിൽ അവരെ തോൽപ്പിക്കേണ്ടത് പ്രധാനമാണ്. ” ഗംഭീർ കൂട്ടിച്ചേർത്തു.