Skip to content

ഇന്ത്യ വിസ നൽകുന്നില്ല !! ഐസിസിയ്ക്ക് പരാതിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എല്ലാ ടീമുകളും തന്നെ ലോകകപ്പിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപേ തന്നെ ഐസിസിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്.

ഇന്ത്യൻ വിസ ലഭിക്കാൻ കാലതാമസം നേരിടുന്നത് ചൂണ്ടികാട്ടിയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. വിസ വൈകുന്നത് തയ്യാറെടുപ്പിനെ ബാധിച്ചുവെന്നും പരാതിയിൽ പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാന് വിസ എത്രയും പെട്ടെന്ന് ലഭ്യമാക്കുവാനുള്ള പ്രവർത്തനത്തിലാണ് നിലവിൽ ബിസിസിഐയും ഐസിസിയുമുള്ളത്.

ലോകകപ്പിനായി ഇന്ത്യയിൽ എത്തുന്നതിന് മുൻപ് ദുബായിൽ രണ്ട് ദിവസത്തെ ബോണ്ടിങ് ക്യാമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഷെഡ്യൂൾചെയ്തിരുന്നു. എന്നാൽ വിസ വൈകിയതോടെ ടീം ലാഹോറിൽ നിന്നും ദുബായിലെത്തി ഉടനെ തന്നെ ഹൈദബാദിലേക്ക് യാത്ര തിരിക്കും.

ശ്രീലങ്കയിൽ നടന്ന ഏഷ്യ കപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങവേ തങ്ങളുടെ പാസ്പോർട്ടുകൾ ഇന്ത്യയ്ക്ക് സമർപ്പിച്ചിരുന്നുവെന്നും എന്നാൽ വിസ ഇതുവരെ ലഭിച്ചില്ലയെന്നും ഈ കാലതാമസം ടീമിൻ്റെ തയ്യാറെടുപ്പിനെ ബാധിച്ചുവെന്നും പാക് ക്രിക്കറ്റ് ബോർഡ് വക്താവ് പറഞ്ഞു.

ലോകകപ്പിലേക്ക് വരുമ്പോൾ ഒക്ടോബർ ആറിന് ഹൈദരാബാദിൽ നെതർലൻഡ്സിനെതിരെയാണ് പാകിസ്ഥാൻ്റെ ആദ്യ മത്സരം. ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത എന്നീ നാല് വേദികളിൽ മാത്രമായാണ് പാകിസ്ഥാൻ്റെ മത്സരം നടക്കുന്നത്. സെമിഫൈനലിൽ പാകിസ്ഥാൻ പ്രവേശിച്ചാൽ ആ മത്സരവും കൊൽക്കത്തയിൽ തന്നെയായിരിക്കും നടക്കുക.