Skip to content

സോധി തിളങ്ങി !! നീണ്ട 15 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ വിജയിച്ച് ന്യൂസിലൻഡ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 86 റൺസിനായിരുന്നു കിവികളുടെ വിജയം. ഇഷ് സോധിയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ന്യൂസിലൻഡ് വിജയിച്ചത്.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 255 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ളാദേശിന് 41.1 ഓവറിൽ 168 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 49 റൺസ് നേടിയ മഹ്മദുള്ളയും 44 റൺസ് നേടിയ തമീം ഇഖ്ബാലും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

10 ഓവറിൽ 39 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഇഷ് സോധിയാണ് ബംഗ്ളാദേശിനെ തകർത്തത്. കെയ്ൽ ജാമിസൺ രണ്ട് വിക്കറ്റുകൾ നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 68 റൺസ് നേടിയ ടോം ബ്ലൻഡൽ, 49 റൺസ് നേടിയ ഹെൻറി നിക്കോൾസ്, 35 റൺസ് നേടിയ സോധി എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.

15 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ന്യൂസിലാൻഡ് ബംഗ്ലാദേശിൽ ഏകദിന വിജയം നേടുന്നത്. ഇതിന് മുൻപ് അവസാനമായി 2008 ലാണ് ന്യൂസിലൻഡ് ബംഗ്ലാദേശിൽ ഏകദിന മത്സരം വിജയിച്ചത്. അതിന് ശേഷം ബംഗ്ലാദേശിൽ കളിച്ച ഏഴ് ഏകദിനങ്ങളിൽ ഏഴിലും ന്യൂസിലൻഡ് പരാജയപെട്ടിരുന്നു. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലൻഡ് 1-0 ന് മുൻപിലെത്തി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സെപ്റ്റംബർ 26 നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.