Skip to content

ഇപ്പോഴാണ് അക്കാര്യം പിടികിട്ടിയത് !! ഏകദിന ക്രിക്കറ്റിൽ ഫോമിൽ തിരിച്ചെത്തിയതിനെ കുറിച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ടീം നൽകിയ വലിയ പിന്തുണയ്ക്കൊടുവിൽ ഏകദിന ക്രിക്കറ്റിൽ ഫോമിലെത്തിയിരിക്കുകയാണ് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഏകദിനത്തിൽ ദയനീയ പ്രകടനം തുടരുകയായിരുന്ന താരം ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തിന് ശേഷം ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനത്തിന് പിന്നിലെ കാരണവും സൂര്യകുമാർ യാദവ് വിശദീകരിച്ചു.

ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 49 പന്തിൽ 50 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. ഏകദിനത്തിൽ 18 മാസങ്ങൾക്ക് ശേഷം താരം നേടുന്ന ഫിഫ്റ്റിയാണിത്. ഈ വർഷം ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്താക്കപെട്ടിരുന്നു. ലോകകപ്പിന് തൊട്ടുമുൻപ് സൂര്യകുമാർ യാദവ് ഫോമിൽ തിരിച്ചെത്തിയത് വലിയ ആശ്വാസം ഇന്ത്യൻ ടീമിനും സമ്മാനിച്ചിട്ടുണ്ട്.

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനങ്ങൾക്ക് കാരണം എന്തായിരുന്നുവെന്നും തനിക്കും വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലയെന്നായിരുന്നു മത്സരശേഷം സൂര്യകുമാർ യാദവിൻ്റെ പ്രതികരണം. പക്ഷേ ചില തീരുമാനങ്ങൾ ഇപ്പോൾ ഫോമിൽ തിരിച്ചെത്താൻ സഹായിച്ചുവെന്നും താരം പറഞ്ഞു.

” എന്താണ് സംഭവിക്കുന്നതെന്ന് എനിക്കും അറിയുന്നുണ്ടായിരുന്നില്ല. പന്തിൻ്റെ നിറവും ഒന്നാണ്, ബൗളർമാരും ഒന്നാണ് ടീമുകളും ഒന്നാണ്. പക്ഷേ ഞാൻ അൽപ്പം ധൃതി കാണിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. അൽപ്പം സമയം എന്തുകൊണ്ട് എടുത്തുകൂടാ എന്ന് ഞാൻ കരുതി. മനസ്സിനെ ശാന്തമാക്കി കൂടുതൽ സമയം എടുത്തുകൊണ്ട് ബാറ്റ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ” സൂര്യകുമാർ യാദവ് പറഞ്ഞു.

” എന്നാൽ കഴിയാവുന്ന വിധം അവസാനം വരെ ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലെത്തിക്കുകയെന്നതായിരുന്നു ഈ ഫോർമാറ്റ് കളിക്കുന്നത് മുതൽ എൻ്റെ സ്വപ്നം. എനിക്കത് ഇതുവരെയും ചെയ്യാൻ സാധിച്ചിട്ടില്ല. പക്ഷേ ഈ റോൾ ഞാൻ ഇഷ്ടപെടുന്നു. ” സൂര്യകുമാർ യാദവ് പറഞ്ഞു.