Skip to content

ഇതാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ! മങ്കാദിങിൽ പുറത്തായ താരത്തെ തിരികെ വിളിച്ച് ബംഗ്ലാദേശ് : വീഡിയോ

ബംഗ്ലാദേശും ന്യൂസിലൻഡും തമ്മിലുളള രണ്ടാം ഏകദിനം ധാക്കയിൽ പുരോഗമിക്കുകയാണ്. മത്സരത്തിനിടെ ക്രിക്കറ്റിൻ്റെ മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് ബംഗ്ളാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് എടുത്ത തീരുമാനം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷമായിരിക്കുകയാണ്.

ഹസൻ മഹ്മൂദ് എറിഞ്ഞ 46 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിൽ ഫെർഗൂസനെതിരെ നാലാം പന്ത് എറിയുന്നതിന് മുൻപ് നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഇഷ് സോധി ക്രീസ് വിട്ട് പുറത്തിറങ്ങുകയും ഇത് ശ്രദ്ധയിൽ പെട്ട മഹ്മൂദ് താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു. തീരുമാനം ഓൺ ഫീൽഡ് അമ്പയർ തേർഡ് അമ്പയർക്ക് വിടുകയും മഹ്മൂദ് ആക്ഷൻ പൂർത്തിയാക്കിയെന്ന് ഉറപ്പായതോടെ ഔട്ട് വിധിക്കുകയും ചെയ്യുകയായിരുന്നു. സോധിയകട്ടെ കയ്യടിച്ചുകൊണ്ട് കളിക്കളത്തിൽ നിന്നും മടങ്ങുകയും ചെയ്തു.

ഇതിനിടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് അമ്പയരുടെ ചർച്ചകൾ നടത്തുകയും ഏവരെയും ഞെട്ടിച്ചുകൊണ്ട് അപ്പീൽ പിൻവലിച്ച് സോധിയെ തിരികെ വിളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സോധി മഹ്മൂദിനെ കെട്ടിപിടിച്ച ശേഷം ബാറ്റിങ് പുനരാരംഭിച്ചു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് 49.2 ഓവറിൽ 254 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 66 പന്തിൽ 68 റൺസ് നേടിയ ടോം ബ്ലൻഡലും 49 റൺസ് നേടിയ ഹെൻറി നിക്കോൾസുമാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.

ബംഗ്ലാദേശിനായി ഖാലെദ് അഹമ്മദ്, മെഹിദി ഹസൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

വീഡിയോ ;