Skip to content

ഈ ലോകകപ്പിൽ തിളങ്ങാൻ പോകുന്നത് അവനാണ് : ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ടീമുകൾക്കൊപ്പം മുൻനിര താരങ്ങൾ തമ്മിലുളള പോരാട്ടം കൂടെ കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകരുള്ളത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, വാർണർ, സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, കെയ്ൻ വില്യംസൺ, ജോ റൂട്ട് അടക്കമുള്ള സൂപ്പർതാരങ്ങൾ ഈ ലോകകപ്പിൽ ഉണ്ടെങ്കിലും താൻ കാത്തിരിക്കുന്നത് ബാബർ അസമിൻ്റെ പ്രകടനത്തിനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

മറ്റുള്ളവർക്ക് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ എത്തിയതെങ്കിലും വളരെ പെട്ടെന്ന് ബാബർ തൻ്റെ കഴിവ് തെളിയിച്ചിരുന്നു. നിലവിൽ മൂന്ന് ഫോർമാറ്റിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ബാബർ അസം.

“ബാബർ അസം ” ഈ ലോകകപ്പിൽ ഏറ്റവുമധികം കാത്തിരിക്കുന്ന കളിക്കാരൻ്റെ പേര് പറയുവാനുള്ള ചോദ്യത്തിന് ഗംഭീർ മറുപടി നൽകി.

” ഈ ലോകകപ്പ് ഗംഭീരമാക്കാനുള്ള എല്ലാ കഴിവും ബാബർ അസമിനുണ്ട്. അവനെ പോലെ വളരെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. തീർച്ചയായും അവിടെ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഡേവിഡ് വാർണറും വില്യംസണും ജോ റൂട്ടുമെല്ലാമുണ്ട്. പക്ഷേ ബാബറിൻ്റെ കഴിവ് വേറെ തലത്തിലാണ്. ” ഗംഭീർ പറഞ്ഞു.

ഏഷ്യ കപ്പിൽ പാകിസ്ഥാനായി മികവ് പുലർത്താൻ ബാബർ അസമിന് സാധിച്ചിരുന്നില്ല. നേപ്പാളിനെതിരെ സെഞ്ചുറി നേടിയത് ഒഴിച്ചുനിർത്തിയാൽ മോശം പ്രകടനമാണ് ബാബർ അസം കാഴ്ച്ചവെച്ചത്. മറ്റു ടീമുകളിൽ നിന്നും വ്യത്യസ്തമായി ബാറ്റിങ് നിരയുടെ ഭാരിച്ച ഉത്തരവാദിത്വം ബാബർ അസമിനുണ്ട്. അതുകൊണ്ട് തന്നെ ബാബറിന് ലോകകപ്പിലും ഫോമിലെത്താനായില്ല എന്നുണ്ടെങ്കിൽ പാകിസ്ഥാൻ്റെ പ്രകടനം ദയനീയമായിരിക്കും.