Skip to content

ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഐസിസി റാങ്കിങിൽ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഓസ്ട്രേലിയക്കടക്കം നേടാൻ സാധിക്കാത്ത റെക്കോർഡാണ് ഇന്ത്യയിപ്പോൾ കുറിച്ചിരിക്കുന്നത്.

മൊഹാലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ നേടിയ ഈ വിജയത്തോടെ ഐസിസി ഏകദിന റാങ്കിങിൽ പാകിസ്ഥാനെ പിന്നിലാക്കികൊണ്ട് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനം ഇന്ത്യ കരസ്ഥമാക്കി. ഇതാദ്യമായാണ് ഇന്ത്യ ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒരേ സമയം ഒന്നാം സ്ഥനത്തെത്തുന്നത്.

ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒരേ സമയം ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ. ഇതിന് മുൻപ് സൗത്താഫ്രിക്കയാണ് ഐസിസി റാങ്കിങിൽ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

നേരത്തെ ഏഷ്യ കപ്പ് ചാമ്പ്യന്മാരായിട്ടും റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. നേരിയ പോയിൻ്റുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാനെ ഇന്ത്യ പിന്നിലാക്കിയിരിക്കുകയാണ്. 116 റേറ്റിങ് പോയിൻ്റാണ് നിലവിൽ ഇന്ത്യയ്ക്കുള്ളത്. പാകിസ്ഥാന് 115 പോയിൻ്റും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 111 റേറ്റിങ് പോയിൻ്റുമാണ് ഉള്ളത്.

ഓസ്ട്രേലിയക്കെതിരായ ഈ പരമ്പര സ്വന്തമാക്കാൻ സാധിച്ചാൽ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് ഇന്ത്യയ്ക്ക് ഏകദിന ലോകകപ്പിലേക്ക് പ്രവേശിക്കാം.