Skip to content

27 വർഷങ്ങൾക്ക് ശേഷം ഇതാദ്യം ! മൊഹാലിയിൽ ഇന്ത്യ കുറിച്ചത് സ്പെഷ്യൽ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മുതിർന്ന താരങ്ങൾ ഇല്ലാതെ ഇറങ്ങിയെങ്കിൽ കൂടിയും ശക്തരായ ഓസ്ട്രേലിയക്കെതിരെ അനായാസ വിജയം കുറിക്കുവാൻ ഇന്ത്യയ്ക്കായി. മൊഹാലിയിൽ ഇന്ത്യ കുറിച്ച ഈ വിജയത്തിന് ചില പ്രത്യേകതകളുമുണ്ട്.

മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 277 റൺസിൻ്റെ വിജയലക്ഷ്യം 48.4 ഓവറിൽ മറികടന്നുകൊണ്ടാണ് ഇന്ത്യ വിജയം കുറിച്ചത്. 63 പന്തിൽ 74 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 71 പന്തിൽ 71 റൺസ് നേടിയ റിതുരാജ് ഗയ്ക്ക്വാദ്, 63 പന്തിൽ പുറത്താകാതെ 58 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 49 പന്തിൽ 50 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്.

1996 ന് ശേഷം ഇതാദ്യമായാണ് മൊഹാലിയിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപെടുത്തുന്നത്. ആ വിജയത്തിന് ശേഷം മൊഹാലിയിൽ നടന്ന നാല് ഏകദിനങ്ങളിൽ നാലിലും ഓസ്ട്രേലിയ വിജയിച്ചിരുന്നു.

1996 ൽ സച്ചിൻ ടെൻഡുൽക്കർ ക്യാപ്റ്റനായിരിക്കെയാണ് മൊഹാലിയിൽ ഓസ്ട്രേലിയയെ ഇന്ത്യ പരാജയപെടുത്തിയത്. ആവേശകരമായ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. ഇന്ത്യ ഉയർത്തിയ 290 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 49.1 ഓവറിൽ 284 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെടുകയായിരുന്നു. 62 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കറും 94 റൺസ് നേടിയ മൊഹമ്മദ് അസറുദ്ധീനുമായിരുന്നു അന്ന് ഇന്ത്യക്കായി തിളങ്ങിയത്.