Skip to content

ഗില്ലും ഗയ്ക്ക്വാദും തിളങ്ങി ! ഫിനിഷ് ചെയ്ത് കെ എൽ രാഹുൽ !! ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മൊഹാലിയിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 277 റൺസിൻ്റെ വിജയലക്ഷ്യം 48.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്കായി ശുഭ്മാൻ ഗില്ലും റിതുരാജ് ഗയ്ക്ക്വാദും ചേർന്ന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 142 റൺസ് ഇരുവരും കൂട്ടിചേർത്തു. ശുഭ്മാൻ ഗിൽ 64 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പടെ 74 റൺസ് നേടിയപ്പോൾ റിതുരാജ് ഗയ്ക്ക്വാദ് 77 പന്തിൽ 71 റൺസ് നേടി. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയ തിരിച്ചെത്തിയെങ്കിലും അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ കെ എൽ രാഹുലും സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. സൂര്യകുമാർ യാദവ് 49 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 63 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 50 ഓവറിൽ 276 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 52 റൺസ് നേടിയ ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. മറ്റുള്ളവർക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിൽ കൂടിയും വലിയ സ്കോറാക്കി മാറ്റുവാൻ ആര്ക്കും തന്നെ സാധിച്ചില്ല.

ഇന്ത്യയ്ക്കായി മൊഹമ്മദ് ഷാമി പത്തോവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ബുംറ, ജഡേജ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.