Skip to content

ക്യാപ്റ്റനാക്കേണ്ടതും സഞ്ജുവിനെയായിരുന്നു ! ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ആരാധകർ ഒന്നടങ്കം വിമർശനം ഉന്നയിച്ചപ്പോൾ ഇർഫാൻ പത്താൻ അടക്കമുള്ള ചുരുക്കം ചില മുൻ താരങ്ങൾ മാത്രമാണ് സഞ്ജുവിനായി പ്രതികരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററും കൂടിയായ ആകാശ് ചോപ്ര.

സഞ്ജു സാംസണെ ഒഴിവാക്കുന്നത് ഒരേ സമയം നിരാശയും ആശങ്കയും ഉണ്ടാക്കുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. ഏഷ്യ കപ്പ്, ഐസിസി ലോകകപ്പ്, എഷ്യൻ ഗെയിംസ് എന്നീ വലിയ ടൂർണമെൻ്റുകൾ രണ്ട് മാസത്തിനിടെ നടക്കവെ ഒന്നിൽ പോലും ഇന്ത്യ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പ് ടീമിൽ ഇല്ലെങ്കിൽ സഞ്ജുവിനെ തീർച്ചയായും എഷ്യൻ ഗെയിംസിൽ ഉൾപെടുത്തണമായിരുന്നുവെന്നും എഷ്യൻ ഗെയിംസിൽ ക്യാപ്റ്റനാകേണ്ടിയിരുന്നതും സഞ്ജുവാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

” സഞ്ജു സാംസൺ എഷ്യൻ ഗെയിംസ് ടീമിൽ പോലും ഇല്ലയെന്നത് നിരാശപെടുത്തുന്നതും ആശങ്കപെടുത്തുന്നതുമാണ്. ഏഷ്യ കപ്പിൽ ബാക്കപ്പ് പ്ലേയറായാണ് അവൻ ഉണ്ടായിരുന്നത്, ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും അവനെ ഒഴിവാക്കിയിരിക്കുന്നു. ”

” ഓസ്ട്രേലിയക്കെതിരെ ഇഷാൻ കിഷൻ ഓപ്പൺ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. ഗയ്ക്ക്വാദായിരിക്കും ഗില്ലിനൊപ്പം ഓപ്പൺ ചെയ്യുക. ഇഷാൻ കിഷൻ മിഡിൽ ഓർഡറിൽ കളിക്കും. ലോകകപ്പിന് മുൻപ് മധ്യനിരയിൽ അവന് കൂടുതൽ അവസരം നൽകേണ്ടതുണ്ട്. ”

” എഷ്യൻ ഗെയിംസ് ടീമിലെങ്കിലും സഞ്ജുവിനെ ഉൾപ്പെടുത്തണമായിരുന്നു. അവന് ലോകകപ്പ് ടീമിൽ ഇടം നേടാനായില്ല പക്ഷേ എഷ്യൻ ഗെയിംസിലും കളിക്കാൻ അവൻ അർഹനല്ലെന്ന് പറയുന്നത് അനീതിയാണ്. ലോകകപ്പ് ടീമിൽ അവസരത്തിന് തൊട്ടരികെ അവൻ എത്തിയിരുന്നു. അതുകൊണ്ട് തന്നെ അവൻ എഷ്യൻ ഗെയിംസ് ടീമിലും വേണമായിരുന്നു. ക്യാപ്റ്റനാക്കേണ്ടിയിരുന്നതും സഞ്ജുവിനെയായിരുന്നു. ” ആകാശ് ചോപ്ര പറഞ്ഞു.

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ റിതുരാജ് ഗയ്ക്ക്വാദാണ് ഇന്ത്യയെ നയിക്കുന്നത്.