Skip to content

ഇന്ത്യയ്ക്ക് വേണ്ടെങ്കിൽ എന്താ !! ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം കരുൺ നായർ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്കെതിരായ മത്സരത്തിലായിരുന്നു നോർത്താംപ്ടൺഷെയറിനായുള്ള താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി.

മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു സമ്മർദ്ദ ഘട്ടത്തിൽ ടീമിനെ രക്ഷിച്ചുകൊണ്ടുള്ള താരത്തിൻ്റെ പ്രകടനം. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയായിരുന്നു കരുൺ നായർ സെഞ്ചുറി നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കരുൺ നായറുടെ പതിനാറാം സെഞ്ചുറി കൂടിയാണിത്.

മത്സരത്തിൽ രണ്ടാം ദിനം അവസാനിൽക്കുമ്പോൾ നോർത്താംപ്ടൺഷെയർ 9 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടിയിട്ടുണ്ട്. 144 റൺസ് നേടിയ കരുൺ നായർ ഇപ്പോഴും ടീമിനായി ക്രീസിലുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിൽ വീരേന്ദർ സെവാഗിന് പുറമെ ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ ബാറ്റ്സ്മാനാണ് കരുൺ നായർ. 2016 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരം ട്രിപ്പിൾ സെഞ്ചുറി നേടിയത്. എന്നാൽ പിന്നീട് ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനത്തോടെ താരം ടീമിൽ നിന്നും പുറത്തായി. ആ പരമ്പരയിലേക്ക് നോക്കിയാൽ സ്റ്റീവ് സ്മിത്ത്, പുജാര എന്നിവർ മാത്രമാണ് തിളങ്ങിയിരുന്നത്. എന്നിരുന്നാലും താരത്തെ പിന്നീട് ബിസിസിഐ ടീമിൽ പരിഗണിച്ചിട്ടില്ല.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ 50 ന് അടുത്ത് ശരാശരിയിൽ 6000 റൺസ് ഇതിനോടകം കരുൺ നായർ നേടിയിട്ടുണ്ട്.