Skip to content

വാരണാസി ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത് ഭഗവാൻ ശിവൻ്റെ തീമിൽ !!

വാരണാസിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത് ഭഗവാൻ ശിവൻ്റെ തീമിലെന്ന് റിപ്പോർട്ട്. 350 കോടി ചിലവ് വരുന്ന സ്റ്റേഡിയത്തിന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.

31 ഏക്കർ വരുന്ന ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ സ്റ്റേഡിയം പണിയുന്നത്. 30000 ത്തിലധികം സീറ്റിങ് കപ്പാസിറ്റി സ്റ്റേഡിയത്തിനുണ്ടാകും. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട രൂപത്തിലാണ് സ്റ്റേഡിയത്തിൻ്റെ ഭാഗങ്ങൾ പണികഴിപ്പിക്കുക.

പൂർണമായും ഭഗവാൻ പരമ ശിവൻ്റെ തീമിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. സ്റ്റേഡിയത്തിൻ്റെ ഫ്ലഡ് ലൈറ്റുകൾ ത്രിശൂലത്തിൻ്റെ രൂപത്തിലാണ് ഒരുങ്ങുന്നത്. ഗേറ്റുകൾ, ഡോറുകൾ, ലോഞ്ച് എന്നിവ ഉടുക്കിൻ്റെ രൂപത്തിലായിരിക്കും. സ്റ്റേഡിയത്തിൻ്റെ എൻട്രൻസ് ഗേറ്റ് കൂവളത്തിൻ്റെ ഇലയുടെ മാതൃകയിലും മേൽകൂര ത്രിശൂലത്തിൻ്റെ മാതൃകയിലുമായിരിക്കും നിർമ്മിക്കുക. ഗംഗ ഘട്ടിന് സമാനമായിരിക്കും സ്റ്റേഡിയത്തിലെ സീറ്റുകൾ.

റിപ്പോർട്ടുകൾ പ്രകാരം ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ സച്ചിൻ ടെൻഡുൽക്കർ, സുനിൽ ഗവാസ്കർ, രവി ശാസ്ത്രി, ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ശാ എന്നിവരും പങ്കെടുക്കും. കരാർ പ്രകാരം ബിസിസിഐ ആയിരിക്കും സ്റ്റേഡിയത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തുക.

നിർമ്മാണം പൂർത്തിയാകുമ്പോൾ ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായി വാരണാസി മാറും. നേരത്തെ സ്ഥലം ഏറ്റെടുക്കാൻ യു പി ഗവൺമെൻ്റ് 120 കോടി അനുവദിച്ചിരുന്നു. സ്റ്റേഡിയത്തിൻ്റെ നിർമ്മാണത്തിനായി 350 കോടി ഗവൺമെൻ്റ് വീണ്ടും അനുവദിക്കും. യു പിയ്ക്ക് പുറമെ രാജസ്ഥാനിലും ക്രിക്കറ്റ് സ്റ്റേഡിയ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷനും പുതിയ സ്റ്റേഡിയത്തിനായുള്ള പ്രവർത്തനത്തിലാണ് ഉള്ളത്.