Skip to content

അവൻ ആരോടെങ്കിലും വഴക്കിട്ടോ ! ആ താരത്തോടുള്ള അവഗണനയിൽ തൻ്റെ പ്രതിഷേധം അറിയിച്ച് ഹർഭജൻ സിങ്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടീമിനെ പ്രഖ്യാപിച്ചതിന് പുറകെ വലിയ വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. അർഹതപെട്ട താരങ്ങളെ ഒഴിവാക്കിയതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഹർഭജൻ സിങ്.

അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെ രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവരെയാണ് ഇന്ത്യ പകരക്കാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കുറിയും യുസ്വെന്ദ്ര ചഹാലിനെ ഒഴിവാക്കിയ തീരുമാനമാണ് ഹർഭജൻ സിങിൻ്റെ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.

” യുസ്വെന്ദ്ര ചഹാൽ തീർച്ചയായും ടീമിൽ ഉണ്ടാകണമായിരുന്നു. അവന് വീണ്ടും അവസരം ലഭിച്ചില്ല. അതെനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. ഒരുപക്ഷേ അവൻ ആരെങ്കിലുമായി വഴക്കിട്ടിട്ടുണ്ടാകാം. അല്ലെങ്കിൽ ആരോടോ എന്തെങ്കിലും പറഞ്ഞിരിക്കാം. എനിക്കറിയില്ല. കഴിവിൻ്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഒരുപാട് താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ അവൻ ടീമിൽ വേണ്ടതായിരുന്നു. ”

വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതിലൂടെ ഒരു ഓഫ് സ്പിന്നറെയാണ് ഇന്ത്യ തേടുന്നതെന്നും ലോകകപ്പ് ടീമിൽ ഓഫ് സ്പിന്നറെ ഉൾപ്പെടുത്താതിരുന്നതിൻ്റെ തെറ്റ് മനസ്സിലാക്കിയതിനാലാണ് ഇപ്പോൾ ഇത്തരത്തിലുള്ള മാറ്റങ്ങൾ ഇന്ത്യ വരുത്തുന്നതെന്നും ഒരു തെറ്റ് മറച്ചുപിടിക്കാൻ മറ്റൊരു തെറ്റ് ചെയ്യുന്നത് എന്തിനാണെന്ന് തനിയ്ക്ക് മനസ്സിലാകുന്നില്ലയെന്നും ഹർഭജൻ സിങ് പറഞ്ഞു.

സെപ്റ്റംബർ 22 നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുളള ഏകദിന പരമ്പര ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകിയിട്ടുണ്ട്. മൂന്നാം മത്സരത്തിൽ മുതിർന്ന താരങ്ങൾ തിരിച്ചെത്തും. ആദ്യ രണ്ട് മത്സരങ്ങളിൽ കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്.