Skip to content

അവർക്ക് യാതൊരു പ്ലാനിങും ഇല്ല ! വിമർശനവുമായി രംഗത്തെത്തി മുൻ താരം

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് ആശങ്ക സമ്മാനിച്ചിരിക്കുകയാണ് അക്ഷർ പട്ടേലിൻ്റെ പരിക്ക്. സീനിയർ താരം രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവരെ മുൻകരുതൽ എന്ന നിലയിൽ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ഇർഫാൻ പത്താൻ.

ഇതിന് മുൻപ് 2022 തുടക്കത്തിലാണ് അവസാനമായി അശ്വിൻ ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ പോലും ഏകദിന സ്ഥിരമായി താരം കളിക്കുന്നില്ല. അശ്വിൻ മികച്ച സ്പിന്നർ ആണെങ്കിൽ കൂടിയും ലോകകപ്പ് പോലൊരു വലിയ ടൂർണമെൻ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് ഉറപ്പില്ലയെന്നും അശ്വിനെ പെട്ടെന്ന് ഉൾപ്പെടുത്തേണ്ടി വന്നത് ഇന്ത്യൻ ടീമിൻ്റെ മോശം പ്ലാനിങാണ് തുറന്നുകാണിക്കുന്നതെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

” അശ്വിൻ മികച്ച സ്പിന്നർ തന്നെയാണ്. പക്ഷേ ലോകകപ്പ് പോലെ വലിയൊരു ടൂർണമെൻ്റിൽ കടുത്ത സമ്മർദ്ദത്തിൽ ഒരു സീനിയർ പ്ലേയർ എന്ന നിലയിൽ ടീമിലെത്തി താൻ കഴിഞ്ഞ രണ്ട് വർഷമായി കളിക്കാത്ത ഫോർമാറ്റിൽ അവൻ തൻ്റെ കഴിവ് തെളിയിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. “

” അവർ അശ്വിൻ്റെ പ്രകടനം വിധിയ്ക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ ഒരു പ്ലാനിങും ഇല്ല. പ്ലാനിങ് ഉണ്ടായിരുന്നുവെങ്കിൽ ലോകകപ്പിന് മുൻപേ തന്നെ അവർ അശ്വിന് കുറച്ച് മത്സരങ്ങളിൽ അവസരം നൽകണമായിരുന്നു. തീർച്ചയായും അവൻ ഓസ്ട്രേലിയക്കെതിരെ കളിക്കുന്നുണ്ട്. പക്ഷേ അത് മാത്രം മതിയോ. അവൻ പത്തോവർ കളിക്കേണ്ടതുണ്ട്. ടീമിനൊപ്പം ചേരണം. ടീമിനെ വിജയത്തിലെത്തിക്കണം. ഇതൊന്നും ഒരിക്കലും എളുപ്പമല്ല. ഇക്കാര്യങ്ങൾ മികച്ച പ്ലാനിങ് ആവശ്യമായിരുന്നു. ” ഇർഫാൻ പത്താൻ പറഞ്ഞു.