Skip to content

ഐസിസി ലോകകപ്പ് !! മൂന്ന് വേദികൾ പ്രഖ്യാപിച്ച് ഐസിസി

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വേദികൾ പ്രഖ്യാപിച്ച് ഐസിസി. അമേരിക്കയും വെസ്റ്റിൻഡീസും സംയുക്തമായി നടത്തുന്ന ലോകകപ്പിലെ അമേരിക്കയിലെ വേദികളാണ് ഐസിസി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ പാക് മത്സരവും യു എസ് എയിൽ വെച്ചാണ് നടക്കുക.

ഫ്ലോറിഡ, ഡാലസ്, ന്യൂയോർക്ക് എന്നീ വേദികളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഡാലസിലും ഫ്ലോറിഡയിലും അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ട്. ന്യൂയോർക്കിൽ 34000 അധികം സീറ്റിങ് കപ്പാസിറ്റിയുള്ള താൽക്കാലിക സ്റ്റേഡിയം ലോകകപ്പിനായി ഒരുക്കും. മാൻഹട്ടനിൽ നിന്നും 30 മൈൽ അകലെയായി 930 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഐസൻഹോവർ പാർക്കിലാണ് പുതിയ സ്റ്റേഡിയം പണി കഴിപ്പിക്കുക.

ദീർഘനാളുകളായി അമേരിക്കയിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഐസിസിയുള്ളത്. അമേരിക്കയിലെ സൗത്ത് ഏഷ്യൻ ജനസംഖ്യ തന്നെയാണ് അതിന് പിന്നിലെ പ്രധാന കാരണം. നിലവിൽ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് ശേഷം ഐസിസിയ്ക്ക് മീഡിയ റൈറ്റ്സിലൂടെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് അമേരിക്കയിൽ നിന്നാണ്. മറ്റു രാജ്യങ്ങളിലെ അപേക്ഷിച്ച് ടിക്കറ്റ് വിൽപ്പനയിലൂടെയും വലിയ വരുമാനം ഐസിസിയ്ക്ക് നേടാനാകും.

അമേരിക്കയിലെ ഇന്ത്യയ്ക്കാരുടെ ജീവിതനിലവാരമാണ് ഐസിസിയെ ആകർഷിക്കുന്ന മറ്റൊരു കാര്യം. അമേരിക്കയിലെ മറ്റു എത്തിനിക്ക് ഗ്രൂപ്പുകളെ അപേക്ഷിച്ച് ഇന്ത്യൻ വംശജരുടെ ജീവിതനിലവാരം വളരെ ഉയർന്നതാണ്. യു എസ് എയിൽ ആരംഭിച്ച പുതിയ ക്രിക്കറ്റ് ലീഗിനും വലിയ വരവേൽപ്പാണ് ലഭിച്ചത്. ഇതിനോടകം തന്നെ മറ്റു ലീഗുകൾക്ക് മേജർ ലീഗ് ക്രിക്കറ്റ് ഭീഷണി ഉയർത്തിതുടങ്ങിയിട്ടുണ്ട്.