Skip to content

മിയാൻ മാജിക്ക് ! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി മൊഹമ്മദ് സിറാജ്

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. നിരവധി റെക്കോർഡുകൾ തൻ്റെ ഈ പ്രകടനത്തോടെ സിറാജ് നേടിയിരുന്നു. ഇപ്പോഴിതാ ഈ പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് മൊഹമ്മദ് സിറാജ്.

ഫൈനലിൽ 7 ഓവറിൽ 21 റൺസ് വഴങ്ങി കൊണ്ട് 6 വിക്കറ്റ് മൊഹമ്മദ് സിറാജ് നേടിയിരുന്നു. ഈ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് മൊഹമ്മദ് സിറാജ്.

ഫൈനലിന് മുൻപ് ഐസിസി റാങ്കിങിൽ ഒമ്പതാം സ്ഥാനത്തായിരുന്നു സിറാജ് ഉണ്ടായിരുന്നത്. തകർപ്പൻ പ്രകടനത്തോടെ എട്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കിയാണ് സിറാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 694 റേറ്റിങ് പോയിൻ്റാണ് നിലവിൽ മൊഹമ്മദ് സിറാജിന് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഹേസൽവുഡിനാകട്ടെ 678 പോയിൻ്റും.

ഏഷ്യ കപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 10 വിക്കറ്റ് സിറാജ് നേടിയിരുന്നു. ഒമ്പതാം സ്ഥാനത്തുള്ള കുൽദീപ് യാദവാണ് റാങ്കിങിൽ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബൗളർ. മറ്റു റാങ്കിങിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ബാറ്റിങ് റാങ്കിങിൽ ബാബർ അസമാണ് ഒന്നാം സ്ഥാനത്തുള്ളത്. ഇൻഡ്യൻ യുവതാരം ശുഭ്മാൻ ഗില്ലാണ് രണ്ടാം സ്ഥാനത്തുള്ളത്. വിരാട് കോഹ്ലി എട്ടാം സ്ഥാനത്തും രോഹിത് ശർമ്മ പത്താം സ്ഥാനത്തുമാണ് ഉള്ളത്.