Skip to content

സുരക്ഷ ഒരുക്കാനായില്ല ! പാക് മത്സരത്തിൽ ആരാധകരെ വിലക്കി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞുകഴിഞ്ഞു. സന്നാഹ മത്സരങ്ങൾക്ക് പോലും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. എന്നാൽ ഹൈദരാബാദിലുള്ള ആരാധകരെ നിരാശപെടുത്തുന്ന വാർത്ത എത്തിയിരിക്കുകയാണ്. ലോകകപ്പിലെ ന്യൂസിലൻഡും പാകിസ്ഥാനും തമ്മിലുള്ള മത്സരം കാണികൾ ഇല്ലാതെയാകും നടക്കുക.

സെപ്റ്റംബർ 29 ന് നടക്കേണ്ടിയിരുന്ന ഈ സന്നാഹ മത്സരത്തിൽ മതിയായ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കാത്തതിനെ തുടർന്നാണ് കാണികളെ വിലക്കാൻ ബിസിസിഐ തീരുമാനിച്ചത്. വിറ്റഴിഞ്ഞ ടിക്കറ്റുകൾ റീഫണ്ട് ചെയ്യുവാൻ ബിസിസിഐ ടിക്കറ്റിങ് പാർട്നറായ ബുക്ക് മൈ ഷോയ്ക്ക് നിർദേശം നൽകികഴിഞ്ഞു.

സന്നാഹ മത്സരത്തിൽ മാത്രമല്ല ഹൈദരാബാദിൽ നടക്കുന്ന മറ്റ് മത്സരങ്ങളിലും സുരക്ഷാ ആശങ്ക നിലനിൽക്കുകയാണ്. പല ഫെസ്റ്റിവലുകൾ നടക്കുന്നതിനാൽ ലോകകപ്പ് ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിേഷൻ ബിസിസിഐയോട് ആവശ്യപെട്ടിരുന്നു. എന്നാൽ ഇതിനോടകം നിരവധി മാറ്റങ്ങൾ വരുത്തിയതിനാൽ ആ ആവശ്യം അംഗീകരിക്കാൻ ബിസിസിഐ തയ്യാറായില്ല.

മൂന്ന് മത്സരങ്ങളാണ് ഹൈദരാബാദിൽ ഇക്കുറി നടക്കുന്നത്. അതിൽ രണ്ട് മത്സരങ്ങളും പാകിസ്ഥാൻ്റെതാണ്. ഒക്ടോബർ ആറിന് നെതർലൻഡ്സുമായി ഈ വേദിയിൽ പാകിസ്ഥാൻ ഏറ്റുമുട്ടും. അതിന് ശേഷം ഒക്ടോബർ 9 ന് ന്യൂസിലൻഡ് നെതർലൻഡ്സ് മത്സരത്തിനും തൊട്ടടുത്ത ദിവസം പാകിസ്ഥാൻ ശ്രീലങ്ക മത്സരത്തിനും ഹൈദരാബാദ് വേദിയാകും. തുടർച്ചയായി രണ്ട് മത്സരങ്ങൾ നടക്കുന്നതിനെതിരെ ഹൈദരാബാദ് പോലീസ് തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ബിസിസിഐ.