Skip to content

അവൻ്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ !! സഞ്ജുവിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിൽ നിന്നും ലോകകപ്പിൽ നിന്നും ഒഴിവാക്കിയതിന് പുറകെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. വ്യാപക പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഈ തീരുമാനത്തിനെതിരെ ഉയരുന്നത്. എന്നാൽ മുൻ താരങ്ങളിൽ ചുരുക്കം ചിലർ മാത്രമാണ് ഈ അനീതിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മറ്റാരുമല്ല മുൻ താരം ഇർഫാൻ പത്താനും റോബിൻ ഉത്തപ്പയും മാത്രമാണ് സഞ്ജുവിനെ ഒഴിവാക്കിയതിൽ നിരാശ പ്രകടിപ്പിച്ചിരിക്കുന്നത്. x അക്കൗണ്ടിലൂടെയായിരുന്നു ഇരുവരും ഈ തീരുമാനത്തോട് പ്രതികരിച്ചിരിക്കുന്നത്.

യാതൊരു വിധത്തിലും പൊരുത്തപെടാൻ സാധിക്കാത്ത തീരുമാനമാണ് ഇന്ത്യൻ ടീമിൽ നിന്നും ഉണ്ടായിരിക്കുന്നത്. ലോകകപ്പ് ടീമിലുള്ള സൂര്യകുമാർ യാദവിന് അവസരം നൽകിയത് മനസ്സിലാക്കാൻ കഴിയാവുന്ന തീരുമാനമാണ്. പക്ഷേ ഒരേയൊരു ഏകദിനം കളിച്ച തിലക് വർമ്മയെയും രണ്ട് ഏകദിനം മാത്രം കളിച്ച റിതുരാജ് ഗയ്ക്ക്വാദിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. ഗയ്ക്ക്വാദ് ആകട്ടെ ടി20 ഫോർമാറ്റിൽ നടക്കുന്ന എഷ്യൻ ഗെയിംസിനായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ഏകദിനത്തിൽ താരത്തിന് അവസരം നൽകിയിരിക്കുന്നത്.

സഞ്ജുവിൻ്റെ സ്ഥാനത്ത് താനായിരുന്നുവെങ്കിൽ ഈ തീരുമാനത്തിൽ വളരെയേറെ നിരാശനാകുമെന്നായിരുന്നു ഇർഫാൻ പത്താൻ്റെ പ്രതികരണം. സഞ്ജുവിൻ്റെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും ഇപ്പോൾ ആരും ആഗ്രഹിക്കുന്നില്ലെന്നും ഈ തീരുമാനം ഭ്രാന്തമാണെന്നുമായിരുന്നു റോബിൻ ഉത്തപ്പയുടെ പ്രതികരണം. അവഗണിക്കപെട്ടതിന് പുറകെ ഫേസ്ബുക്കിൽ സ്മൈലി മാത്രം പങ്കുവെച്ചുകൊണ്ട് സഞ്ജുവും തൻ്റെ നിരാശ രേഖപെടുത്തിയിരുന്നു.