Skip to content

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരത്തിന് ലോകകപ്പ് ആദ്യ ഘട്ടം നഷ്ടമാകും

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം സൂപ്പർ താരത്തിന് ലോകകപ്പിലെ ആദ്യ ഘട്ടം നഷ്ടമാകും. കൂടാതെ ഇന്ത്യയ്ക്കെതിരായ പരമ്പരയിലും താരം കളിക്കില്ല.

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ പരിക്കേറ്റ ഓപ്പണർ ട്രാവിസ് ഹെഡിനാണ് ലോകകപ്പിലെ ആദ്യ ഘട്ടം നഷ്ടമാവുക. ട്രാവിസ് ഹെഡിൻ്റെ പരിക്കോടെ മാർനസ് ലാബുഷെയ്ൻ ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും. ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഓസ്ട്രേലിയ ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രാവിസ് ഹെഡിന് പരിക്ക് പറ്റിയതോടെ മിച്ചൽ മാർഷായിരിക്കും ലോകകപ്പിൽ ഓസീസിനായി ഓപ്പൺ ചെയ്യുക. ട്രാവിസ് ഹെഡിനെ പോലെ അഗ്രസീവ് ബാറ്റ്സ്മാൻ തന്നെയാണ് മിച്ചൽ മാർഷും. ഈ മാസം 22 നാണ് ഇരു ടീമുകളും തമ്മിലുളള ഏകദിന പരമ്പര ആരംഭിക്കുന്നത്. ഏകദിന ലോകകപ്പിന് മുൻപ് ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ കൂടിയുള്ള മത്സരം കൂടിയാകും ഇത്.

മറുഭാഗത്ത് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ ഇന്ന് പ്രഖ്യാപിക്കും. ഏഷ്യ കപ്പ് നേടിയതിൻ്റെ ആത്മവിശ്വാസത്തിലാണ് പരമ്പരയ്ക്കായി ഇന്ത്യ എത്തുന്നത്. കോഹ്ലി അടക്കമുള്ള മുതിർന്ന താരങ്ങൾക്ക് ഇന്ത്യ പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും. മറുഭാഗത്ത് പൂർണ ശക്തമായ ടീമിനെ തന്നെയായിരിക്കും ഓസ്ട്രേലിയ കളിപ്പിക്കുക. സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് അടക്കമുള്ള താരങ്ങൾ പരിക്ക് മൂലം സൗത്താഫ്രിക്കയ്ക്കെതിരെ കളിച്ചിരുന്നില്ല.

ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീം : പാറ്റ് കമ്മിൻസ് (c), സീൻ ആബട്ട്, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷെയ്ൻ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ.