Skip to content

ഇപ്പോഴാണ് ആശ്വാസമായത് !! ബംഗ്ലാദേശിനെതിരായ തോൽവിയിൽ ഇന്ത്യയെ പരിഹസിച്ച് അക്തർ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടം നാളെ കൊളംബോയിൽ നാടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയും ഏറ്റവുമധികം തവണ ഏഷ്യ കപ്പ് നേടിയ ഇന്ത്യയും തമ്മിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. ഇതിനിടെ ഫൈനലിന് മുൻപായി നടന്ന സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ പരാജയപെട്ട ഇന്ത്യയെ പരിഹസിച്ചിരിക്കുകയാണ് മുൻ പാക് താരം ഷോയിബ് അക്തർ.

ബംഗ്ലാദേശിനെതിരായ ഇന്ത്യൻ തോൽവി താൻ അടക്കമുള്ള പാകിസ്ഥാൻക്കാർക്ക് ആശ്വാസം നൽകിയെന്നായിരുന്നു അക്തറിൻ്റെ പരിഹാസം. ബംഗ്ലാദേശ് ടീമിനെ ലാഘവത്തോടെ കണ്ടതാണ് ഇന്ത്യൻ തോൽവിയ്ക്ക് കാരണമായതെന്നും തൻ്റെ യൂട്യൂബ് ചാനലിൽ അക്തർ പറഞ്ഞു.

” ഇന്ത്യ മത്സരത്തിൽ തോറ്റു !! ഇതൊരു നാണംകെട്ട തോൽവി തന്നെയാണ്. പക്ഷേ കൂടുതൽ വിമർശിക്കാനാകില്ല. ബംഗ്ലാദേശും ഇവിടെ കളിക്കാൻ തന്നെയാണ് വന്നിരിക്കുന്നത്. പക്ഷേ ആളുകൾ പാകിസ്ഥാനെ വിമർശിക്കുന്നു. ശ്രീലങ്ക ശരാശരി ടീമല്ല അവർ മികച്ചൊരു ടീം തന്നെയാണ്. ”

” ഇന്ത്യ തോറ്റതോടെ ഞാൻ അടക്കമുള്ള പാകിസ്ഥാൻ ആരാധകർക്ക് അൽപ്പം ആശ്വാസമായിരിക്കുകയാണ്. ഇത് ഇന്ത്യയ്ക്കൊരു മുന്നറിയിപ്പ് തന്നെയാണ്. കുറച്ച് കളികൾ ജയിച്ചെന്ന് കരുതി ഒരു ടീമിനെയും കുറച്ചുകാണരുത്. അവരോട് ബഹുമാന കുറവില്ല പക്ഷേ വിജയത്തിലൂടെ വലിയ പ്രസ്താവനയാണ് ബംഗ്ലാദേശ് നടത്തിയിരിക്കുന്നത്. ” അക്തർപറഞ്ഞു.

ബംഗ്ലാദേശിനെതിരായ തോൽവിയോടെ ലോകകപ്പ് പ്രവചനങ്ങൾ അപ്രസക്തമായെന്നും ഇന്ത്യയെ പോലെയുള്ള ടീം ബംഗ്ളാദേശിനോട് തോറ്റുവെന്നും ഗില്ലിൻ്റെ സെഞ്ചുറി പാഴായി പോയെന്നും ഈ ലോകകപ്പിൽ ചെറിയ ടീമുകളെ വിലകുറച്ച് കാണുവാൻ സാധിക്കുകയില്ലെന്നും അക്തർ കൂട്ടിച്ചേർത്തു.