Skip to content

ഫൈനലിന് മുൻപേ ആ താരത്തിന് പരിക്ക്!! പകരക്കാരനെ ഉൾപ്പെടുത്തി ഇന്ത്യ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപേ ഇന്ത്യയ്ക്ക് തിരിച്ചടി. ശ്രീലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിന് മുൻപേ ലോകകപ്പ് ടീമിൽ കൂടെ ഉൾപ്പെട്ട മറ്റൊരു താരം കൂടെ പരിക്കിൻ്റെ പിടിയിലായിരിക്കുകയാണ്. ഇതോടെ ഫൈനൽ പോരാട്ടം ഈ താരത്തിന് നഷ്ടമാകും.

സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച അക്ഷർ പട്ടേലാണ് ഫൈനൽ പോരാട്ടത്തിന് മുൻപേ ടീമിൽ നിന്നും പുറത്തായത്. നാളെ കൊളംബോയിൽ ഒരുങ്ങുന്നത് സ്പിന്നർമാർക്ക് കൂടുതൽ അനുകൂലമായ പിച്ചാണെങ്കിൽ അക്ഷറിനെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബാറ്റിങിനിടെയാണ് അക്ഷറിന് പരിക്ക് പറ്റിയത്. ഇന്ത്യ 6 റൺസിന് പരാജയപെട്ട മത്സരത്തിൽ 34 പന്തിൽ 42 റൺസ് നേടികൊണ്ട് മികച്ച പ്രകടനം അക്ഷർ പട്ടേൽ കാഴ്ച്ചവെച്ചിരുന്നു.

അക്ഷറിന് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഓഫ് സ്പിന്നർ കൂടിയായ വാഷിങ്ടൺ സുന്ദറിനെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ടീമിലുള്ള താരം തയ്യാറെടുപ്പിൻ്റെ ഭാഗമായി ബാംഗ്ലൂരിലാണ് ഉണ്ടായിരുന്നത്. ഫൈനലിൽ ഇടം നേടുവാൻ സാധിച്ചാൽ താരത്തിൻ്റെ ഓഫ് സ്പിൻ ഒരുപാട് ഇടം കയ്യൻ ബാറ്റ്സ്മാന്മാരുള്ള ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഫൈനൽ മത്സരത്തിന് താരം വീണ്ടും എഷ്യൻ ഗെയിംസ് ക്യാമ്പിൽ ചേരും.

നാളെ കൊളംബോയിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി മാറ്റങ്ങളുമായി ബംഗ്ലാദേശിനെതിരെ കളിക്കാൻ ഇറങ്ങിയ ഇന്ത്യ 6 റൺസിന് പരാജയപെട്ടിരുന്നു. ഫൈനലിൽ കോഹ്ലിയും ബുംറയും അടക്കമുള്ളവർ ഇന്ത്യക്കായി തിരിച്ചെത്തും.