Skip to content

തിളങ്ങിയത് അലക്സ് കാരി മാത്രം !! തകർപ്പൻ വിജയത്തോടെ പരമ്പരയിൽ ഓസ്ട്രേലിയക്കൊപ്പമെത്തി സൗത്താഫ്രിക്ക

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ തകർപ്പൻ വിജയവുമായി സൗത്താഫ്രിക്ക. തോറ്റാൽ പരമ്പര നഷ്ടമാകുമായിരുന്ന മത്സരത്തിൽ 164 റൺസിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 417 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഓസ്ട്രേലിയക്ക് 34.5 ഓവറിൽ 252 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 77 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പടെ 99 റൺസ് നേടിയ വിക്കറ്റ് കീപ്പർ അലക്സ് കാരി മാത്രമാണ് ഓസ്ട്രേലിയക്കായി തിളങ്ങിയത്.

സൗത്താഫ്രിക്കയ്ക്കായി ലുങ്കി എൻകീഡി നാല് വിക്കറ്റും കഗിസോ റബാഡ മൂന്ന് വിക്കറ്റും നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 83 പന്തിൽ 13 ഫോറും 13 സിക്സും അടക്കം 174 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ്റെയും 45 പന്തിൽ 6 ഫോറും 5 സിക്സും ഉൾപ്പടെ 82 റൺസ് നേടിയ ഡേവിഡ് മില്ലറുമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇരുവരുടെയും മികവിൽ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് സൗത്താഫ്രിക്ക അടിച്ചുകൂട്ടി.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക ഓസ്ട്രേലിയക്കൊപ്പമെത്തി. സെപ്റ്റംബർ 17 നാണ് പരമ്പരയിലെ അവസാന മത്സരം.