Skip to content

അതുകൊണ്ടാണ് അവർക്ക് അവസരം നൽകിയത് !! തോൽവിയിൽ രോഹിത് ശർമ്മയുടെ പ്രതികരണം ഇങ്ങനെ

ഏഷ്യ കപ്പ് ഫൈനൽ പോരാട്ടത്തിന് മുൻപേ സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് പരാജയപെട്ടിരിക്കുകയാണ് ഇന്ത്യ. ലോകകപ്പ് അടുത്തുകൊണ്ടിരിക്കുകയാണെങ്കിൽ കൂടിയും കോഹ്ലിയും ബുംറയും ഉൾപ്പെടെയുള്ളവർക്ക് വിശ്രമം നൽകികൊണ്ടാണ് ഇന്ത്യ മത്സരത്തിനായി ഇറങ്ങിയത്.

വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, തിലക് വർമ്മ എന്നിവർക്ക് വിശ്രമം നൽകിയ ഇന്ത്യ അരങ്ങേറ്റക്കാരൻ തിലക് വർമ്മയ്ക്കും സൂര്യകുമാർ യാദവിനും അക്ഷർ പട്ടേലിനും അവസരം നൽകി. അക്ഷർ മികച്ച പ്രകടനം കാഴ്ച്ചവെച്ചപ്പോൾ മറ്റു രണ്ട് പേരും നിരാശപെടുത്തി.

ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് ഈ മാറ്റങ്ങൾ നടത്തിയതെന്നാണ് മത്സരശേഷം രോഹിത് ശർമ്മ നൽകിയ വിശദീകരണം. ഈ കളിയിൽ വിട്ടുവീഴ്ച്ച ചെയ്യാൻ ഒരുക്കമായിരുന്നില്ലയെന്നും എന്നാൽ ലോകകപ്പ് എന്ന വലിയ ചിത്രം മനസ്സിൽ വേണമെന്നും അതുകൊണ്ടാണ് ലോകകപ്പ് കളിക്കാൻ സാധ്യതയുള്ള സൂര്യകുമാർ അടക്കമുള്ളവർക്ക് അവസരം നൽകിയതെന്നും രോഹിത് ശർമ്മ പറഞ്ഞു.

മത്സരത്തിലേക്ക് വരുമ്പോൾ തനിക്ക് കിട്ടിയ അവസരത്തിൽ തിളങ്ങാൻ സൂര്യകുമാർ യാദവിന് സാധിച്ചില്ല. 34 പന്തിൽ 26 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. 121 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 42 റൺസ് നേടിയ അക്ഷർ പട്ടേലുമാണ് ഇന്ത്യക്കായി തിളങ്ങിയത്. മത്സരത്തിൽ 266 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 259 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 85 പന്തിൽ 80 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. തൗഹിദ് ഹൃദോയ് 54 റൺസും നാസും അഹമ്മദ് 44 റൺസും നേടി. മറ്റന്നാളാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. കൊളംബോയിൽ നടക്കുന്ന പോരാട്ടത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും.