Skip to content

11 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ബംഗ്ലാദേശ് കുറിച്ചത് സ്പെഷ്യൽ വിജയം

ഈ ഏഷ്യ കപ്പ് ബംഗ്ലാദേശ് ടീമിനെയും ആരാധകരെയും സംബന്ധിച്ച് നിരാശജനകമായിരുന്നു. സൂപ്പർ ഫോർ പോരാട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ടതോടെ ബംഗ്ലാദേശിന് ഫൈനൽ യോഗ്യത നേടാനാകില്ലെന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ ഏഷ്യ കപ്പിലെ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ തകർത്ത് ലോകകപ്പിന് മുൻപേ ആത്മവിശ്വാസം നേടിയെടുത്തിരിക്കുകയാണ് ബംഗ്ലാദേശ്.

കൊളംബോയിൽ അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ബംഗ്ലാദേശ് ഉയർത്തിയ 266 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.5 ഓവറിൽ 259 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

121 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 34 പന്തിൽ 42 റൺസ് നേടിയ അക്ഷർ പട്ടേലും ഇന്ത്യക്കായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യ കപ്പിൽ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തുന്നത്. ഇതിന് മുൻപ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ നൂറാം സെഞ്ചുറി നേടിയ മത്സരത്തിലായിരുന്നു ഇന്ത്യ ഏഷ്യ കപ്പിൽ ബംഗ്ളാദേശിനോട് പരാജയപെട്ടത്. മൾട്ടി നാഷണൽ ടൂർണമെൻ്റിൽ ഇത് മൂന്നാം തവണയാണ് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. 2012 ഏഷ്യ കപ്പിന് മുൻപ് 2007 ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപെടുത്തിയിരുന്നു.

വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, ഹാർദിക്ക് പാണ്ഡ്യ എന്നിവർക്ക് വിശ്രമം നൽകിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ അവർക്ക് പകരം അരങ്ങേറ്റം കുറിച്ച തിലക് വർമ്മയ്ക്കോ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ സൂര്യകുമാർ യാദവിനോ മത്സരത്തിൽ തിളങ്ങുവാൻ സാധിച്ചില്ല.