Skip to content

ഗില്ലിൻ്റെ സെഞ്ചുറിയും അക്ഷറിൻ്റെ പോരാട്ടവും രക്ഷിച്ചില്ല ! ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തോൽവി

ഏഷ്യ കപ്പിൽ ബംഗ്ളാദേശിനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ സെഞ്ചുറിയും അക്ഷർ പട്ടേൽ മികച്ച പോരാട്ടവും നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 6 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.

266 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടപെട്ടിരുന്നു. അരങ്ങേറ്റക്കാരൻ തിലക് വർമ്മയും പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ സൂര്യകുമാറും കെ എൽ രാഹുലും അടക്കമുള്ളവർ തിളങ്ങാതെ പോയപ്പോൾ സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.

ഏകദിന ക്രിക്കറ്റിലെ തൻ്റെ അഞ്ചാം സെഞ്ചുറി നേടിയ ഗിൽ 133 പന്തിൽ 8 ഫോറും 5 സിക്സും അടക്കം 121 റൺസ് നേടിയാണ് പുറത്തായത്. നിർണായക ഘട്ടത്തിൽ ഗിൽ പുറത്തായെങ്കിൽ കൂടിയും അവസരത്തിനൊത്ത് ഉയർന്ന അക്ഷർ പട്ടേൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 34 പന്തിൽ 42 റൺസ് നേടി അക്ഷർ പട്ടേൽ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചുവെങ്കിലും താരം പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 266 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.5 ഓവറിൽ 259 എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടിയിരുന്നു. 85 പന്തിൽ 80 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, 54 റൺസ് നേടിയ തൗഹിദ് ഹൊസൈൻ, 45 പന്തിൽ 44 റൺസ് നേടിയ നാസും അഹ്മദ് എന്നിവരാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോർ നേടിയത്.