Skip to content

ഏകദിനം ഇനിയും പഠിച്ചിട്ടില്ല !! ഏഷ്യ കപ്പിലും തിളങ്ങാതെ സൂര്യകുമാർ യാദവ്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് സൂര്യകുമാർ യാദവ്. ഏകദിനം താൻ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന ന്യായം പറഞ്ഞ താരത്തിന് ഏഷ്യ കപ്പിൽ ലഭിച്ച അവസരത്തിലും തിളങ്ങാൻ കഴിഞ്ഞില്ല.

വിരാട് കോഹ്ലി, ഹാർദിക്ക് പാണ്ഡ്യ അടക്കമുള്ളവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതോടെയാണ് ബംഗ്ലാദേശിനെതിരായ സൂര്യകുമാർ യാദവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. സൂര്യകുമാർ യാദവിനൊപ്പം തിലക് വർമ്മയും ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

എന്നാൽ ഇരുവർക്കും മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. ഏകദിന അരങ്ങേറ്റം കുറിച്ച തിലക് വർമ്മ 9 പന്തിൽ 5 റൺസ് നേടി പുറത്തായപ്പോൾ ആറാമനായി എത്തിയ സൂര്യകുമാർ യാദവ് 34 പന്തിൽ 26 റൺസ് നേടി പുറത്തായി. ഏകദിനത്തിൽ ഇത്രയധികം അവസരം ലഭിച്ചിട്ടും കാര്യമായി ഒന്നും തന്നെ ചെയ്യുവാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടില്ല.

ഏകദിനത്തിൽ ഇതുവരെ 27 മത്സരങ്ങൾ കളിച്ച താരത്തിന് 24.41 ശരാശരിയിൽ 537 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചിട്ടുള്ളത്. ടോപ്പ് ഓർഡറിൽ ഇറങ്ങിയാണ് താരത്തിൻ്റെ ഈ മോശം പ്രകടനമെന്നതാണ് ആശങ്കപെടുത്തുന്ന മറ്റൊരു കാര്യം. ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള സഞ്ജുവിനെ ഒഴിവാക്കികൊണ്ടാണ് ഏഷ്യ കപ്പിൽ സൂര്യകുമാർ യാദവിനും തിലക് വർമ്മയ്ക്കും ഇന്ത്യ അവസരം നൽകിയത്. സൂര്യകുമാർ യാദവിനെ ലോകകപ്പ് ടീമിലും ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈനലിൽ കളിക്കാൻ സാധ്യതയില്ലാത്തതിനാൽ തന്നെ താരത്തിന് ഇനിയും വിമർശനങ്ങളിൽ നിന്നും രക്ഷ നേടാം. ലോകകപ്പിൽ നിർണായക ഘട്ടത്തിൽ സേവനം വേണ്ടിവന്നാൽ സൂര്യ തിളങ്ങുമോയെന്ന് കണ്ടുതന്നെ അറിയണം.