Skip to content

അത് ധോണി ഇന്ത്യക്കായി നടത്തിയ ത്യാഗം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൻ്റെ ഹീറോസായിരുന്നു ക്യാപ്റ്റൻ എം എസ് ധോണിയും ഗൗതം ഗംഭീറും. ഇരുവരുടെയും മികവിലാണ് ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുകൊണ്ട് ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയത്. എന്നാൽ പിന്നീട് ധോണിയ്ക്കെതിരെ പല പ്രസ്താവനകൾ ഗംഭീറിൽ നിന്നും ഉയർന്നിരുന്നു. ഇതെല്ലാം ഇരുവരുടെയും ആരാധകർ തമ്മിലുള്ള തർക്കങ്ങൾ ഇടവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ധോണിയെ കുറിച്ചുള്ള ഗംഭീറിൻ്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

എല്ലായ്പ്പോഴും ക്യാപ്റ്റനെന്ന നിലയിലെ ധോണിയുടെ മികവിനെയാണ് ഏവരും പ്രശംസിക്കുകയും ആരാധിക്കുകയും ചെയ്തു. എന്നാൽ ടോപ് ഓർഡറിൽ തുടക്കകാലത്ത് ഗംഭീര പ്രകടനം തന്നെ ധോണി കാഴ്ച്ചവെച്ചിരുന്നു. ഒരു ടോപ് ഓർഡർ ബാറ്റ്സ്മാനായി തുടർന്നിരുന്നുവെങ്കിലും വൈറ്റ് ബോൾ ക്രിക്കറ്റിലെ നിരവധി ബാറ്റിങ് റെക്കോർഡുകൾ ധോണി സ്വന്തമാക്കിയേനെയെന്ന് ഗംഭീർ പറഞ്ഞു.

” എം എസ് ധോണി വൺ ഡൗണായി ബാറ്റ് ചെയ്തിരുന്നുവെങ്കിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ നിരവധി റെക്കോർഡുകൾ അവൻ തകർക്കുമായിരുന്നു. ക്യാപ്റ്റൻസി അവൻ്റെ ബാറ്റിങിലെ ഒരു ഭാഗത്തെ എടുത്തുമാറ്റി. അത് ഇന്ത്യൻ ടീമിൻ്റെ ട്രോഫിയ്ക്കായി അവൻ ചെയ്ത ത്യാഗമാണ്. ” ഗംഭീർ പറഞ്ഞു.

ടോപ് ഓർഡറിൽ നിന്നും മാറി ഫിനിഷറായി ധോണി മാറിയത് ടീമിന് വേണ്ടി മാത്രമായിരുന്നു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരു ഫിനിഷറുടെ ജോലിയെന്നത് ഒരിക്കലും എളുപ്പമല്ല. അവിടെയാണ് മികച്ച സ്ഥിരതയോടെ തന്നെ ദീർഘനാൾ ധോണി ഇന്ത്യൻ ടീമിൻ്റെ നെടുംതൂണായി നിന്നത്. ധോണി വിരമിച്ച് ഇത്രയും വർഷം കഴിഞ്ഞുവെങ്കിലും ഒരു ഫിനിഷർ റോളിൽ ഒരു താരത്തെ കണ്ടെത്താൻ ഇന്ത്യയ്ക്കായിട്ടില്ല.