Skip to content

ഇങ്ങനെ ഒക്കെ അടിക്കാമോ ! ആ നാണക്കേടിൻ്റെ റെക്കോർഡ് ഇനി സാംപയ്ക്ക് സ്വന്തം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ പടുകൂറ്റൻ സ്കോർ നേടിയിരിക്കുകയാണ് സൗത്താഫ്രിക്ക. ക്ലാസനും മില്ലറും തകർത്താടിയപ്പോൾ ഓസ്ട്രേലിയൻ ബൗളർമാർ തല്ലുകൊണ്ട് വശകേടായി. അതിൽ ഏറ്റവും കൂടുതൽ റൺസ് ഏറ്റുവാങ്ങിയതാകട്ടെ സ്പിന്നർ ആഡം സാംപയും. ഇതോടെ ഏകദിനത്തിൽ നാണക്കേടിൻ്റെ റെക്കോർഡ് താരത്തിൻ്റെ പേരിലായി.

83 പന്തിൽ 13 സിക്സും 13 ഫോറും അടക്കം 174 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 45 പന്തിൽ 6 ഫോറും അഞ്ച് സിക്സും ഉൾപ്പടെ 82 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികവിലാണ് 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 416 റൺസെന്ന പടുകൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്.

മത്സരത്തിൽ പത്തോവർ എറിഞ്ഞ സ്പിന്നർ ആഡം സാംപയ്ക്കെതിരെ 113 റൺസാണ് സൗത്താഫ്രിക്ക അടിച്ചുകൂട്ടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിൻ്റെ റെക്കോർഡിൽ മറ്റൊരു ഓസ്ട്രേലിയൻ ബൗളറായ മൈക്ക് ലൂയിഎസിനൊപ്പം സാംപയെത്തി.

2006 ലെ പ്രസിദ്ധമായ ജോഹന്നാസ്ബർഗ് ഏകദിനത്തിലായിരുന്നു മൈക്ക് ലൂയിസും പത്തോവറിൽ 113 റൺസ് വഴങ്ങിയത്. 2016 ൽ ഇംഗ്ലണ്ടിനെതിരെ 110 റൺസ് വഴങ്ങിയ വഹാബ് റിയാസ്, 2019 ൽ ഇംഗ്ലണ്ടിനെതിരെ തന്നെ 110 റൺസ് വഴങ്ങിയ റാഷിദ് ഖാൻ എന്നിവരാണ് ഈ മോശം റെക്കോർഡിൽ രണ്ടാമതുള്ളത്.

പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഓസ്ട്രേലിയ 2-1 ന് മുൻപിലാണ് ഉള്ളത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.