Skip to content

ലോകകപ്പിൽ ഞങ്ങളെ സൂക്ഷിക്കണം!! മുന്നറിയിപ്പുമായി ഷാക്കിബ്

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ വിജയത്തിന് പുറകെ ലോകകപ്പിനായി ഒരുങ്ങുന്ന മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ 6 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം.

2012 ന് ശേഷം ഇതാദ്യമായാണ് ബംഗ്ലാദേശ് ഏഷ്യ കപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. ഈ വർഷമാകട്ടെ ഇന്ത്യയ്ക്കെതിരെ കളിച്ച നാല് ഏകദിനങ്ങളിൽ മൂന്നിലും വിജയം കുറിച്ചത് ബംഗ്ലാദേശായിരുന്നു. ഏഷ്യ കപ്പിൽ ഫൈനലിൽ പ്രവേശിക്കാൻ സാധിച്ചില്ലയെങ്കിലും ഇന്ത്യയ്ക്കെതിരെ നേടിയ വിജയം ബംഗ്ലാദേശിൻ്റെ നഷ്ടപെട്ടുപോയ ആത്മവിശ്വാസം തിരിച്ചുനൽകുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പ്രസ്താവന മത്സരശേഷം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനിൽ നിന്നും ഉണ്ടായത്.

” ഞങ്ങൾക്ക് ഒരു മികച്ച ടീമുണ്ട്. ഞങ്ങളുടെ ഒരുപാട് കളിക്കാർക്ക് പരിക്ക് പറ്റി. അത് തീർച്ചയായും ഞങ്ങൾക്ക് തിരിച്ചടിയായി. ഏകദിന ലോകകപ്പിൽ ഞങ്ങളൊരു അപകടകാരിയായ ടീമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ” ഷാക്കിബ് പറഞ്ഞു.

മത്സരത്തിൽ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ കാഴ്ച്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 85 പന്തിൽ 80 റൺസ് നേടിയ ക്യാപ്റ്റൻ ഷാക്കിബിൻ്റെ മികവിലാണ് മികച്ച സ്കോർ കുറിച്ചത്. ലോകകപ്പിലേക്ക് വരുമ്പോൾ ഒക്ടോബർ ഏഴിന് ധർമ്മശാലയിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ബംഗ്ലാദേശിൻ്റെ ആദ്യ മത്സരം.

ഒക്ടോബർ 19 ന് പൂനെയിലാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം നടക്കുന്നത്.