Skip to content

മികവ് നേപ്പാളിനെതിരെ മാത്രം !! ശ്രീലങ്കയ്ക്കെതിരെയും തിളങ്ങാതെ ബാബർ അസം

ഏഷ്യ കപ്പിൽ വീണ്ടും പാക് ആരാധകർക്ക് നിരാശ സമ്മാനിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇന്ത്യയ്ക്കെതിരെ തിളങ്ങാതിരുന്ന താരം ഇപ്പോഴിതാ ശ്രീലങ്കയ്ക്കെതിരായ നിർണായക പോരാട്ടത്തിലും മികവ് പുലർത്താതെ പുറത്തായിരിക്കുകയാണ്.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച വെല്ലാലഗെയാണ് നിർണായക മത്സരത്തിൽ ബാബർ അസമിനെയും പുറത്താക്കിയത്. 35 പന്തിൽ 29 റൺസ് നേടിയാണ് ബാബർ പുറത്തായത്. ഈ ഏഷ്യ കപ്പിൽ ആദ്യ മത്സരത്തിൽ നേപ്പാളിനെതിരെ സെഞ്ചുറി നേടിയതിന് പിന്നീടുള്ള മത്സരങ്ങളിൽ ഒന്നിലും തന്നെ തിളങ്ങാൻ ബാബറിന് സാധിച്ചിട്ടില്ല.

സൂപ്പർ ഫോർ പോരാട്ടങ്ങളിൽ ബംഗ്ലാദേശിനെതിരെ 17 റൺസും ഇന്ത്യയ്ക്കെതിരെ 10 റൺസും നേടിയാണ് ബാബർ അസം പുറത്തായത്. ഈ ഏഷ്യ കപ്പ് എന്നല്ല ഏകദിന ഏഷ്യ കപ്പിൻ്റെ മൊത്തത്തിലുള്ള കണക്ക് എടുത്താൽ പോലും നേപ്പാളിനെതിരെ മാത്രമാണ് ബാബർ തിളങ്ങിയിട്ടുള്ളത്. നേപ്പാളിനെതിരെ കളിച്ച ഒരേയൊരു ഇന്നിങ്സിൽ 151 റൺസ് നേടിയ താരം മറ്റു ടീമുകൾക്കെതിരായ എട്ട് ഇന്നിങ്സിൽ 26.2 ശരാശരിയിൽ 212 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

ശ്രീലങ്കയ്ക്കെതിരായ ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കാൻ പാകിസ്ഥാന് സാധിക്കു. മത്സരം മഴമൂലം ഉപേക്ഷിച്ചാൽ പോലും പാകിസ്ഥാൻ ഫൈനൽ കാണാതെ പുറത്താകുകയും ശ്രീലങ്ക ഫൈനലിൽ ഇന്ത്യയെ നേരിടുകയും ചെയ്യും.