Skip to content

വീഴ്ത്തിയത് 9 വിക്കറ്റ് !! കൗണ്ടിയിൽ തിളങ്ങി ഇന്ത്യൻ പേസർ

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട്ട്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിന് വേണ്ടി കളിക്കുന്ന ഉനദ്കട്ട് ലെസ്റ്റർഷെയറിനെതിരായ മത്സരത്തിലാണ് ഗംഭീര പ്രകടനം കാഴ്ച്ചവെച്ചത്.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തിളങ്ങാനാകുന്നില്ലയെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് എല്ലായ്പ്പോഴും താരം കാഴ്ച്ചവെച്ചിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലും താരം സ്ഥാനം നേടിയിട്ടുണ്ട്. മത്സരത്തിലേക്ക് വരുമ്പോൾ രണ്ട് ഇന്നിങ്സിൽ നിന്നുമായി 9 വിക്കറ്റ് നേടികൊണ്ടാണ് താരം സസെക്സിന് വിജയം സമ്മാനിച്ചത്.

ആദ്യ ഇന്നിങ്സിൽ 12.4 ഓവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഉനദ്കട്ട് രണ്ടാം ഇന്നിങ്സിൽ 32.4 ഓവറിൽ 94 റൺസ് വഴങ്ങി ആറ് വിക്കറ്റ് നേടിയിരുന്നു. മത്സരത്തിൽ 15 റൺസിൻ്റെ ആവേശവിജയമാണ് സസ്കെസ് നേടിയത്.

499 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലെസ്റ്റർഷയറിന് 483 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 6 വിക്കറ്റ് വീഴ്ത്തികൊണ്ട് ജയദേവ് ഉനദ്കട്ടാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 105 മത്സരങ്ങൾ കളിച്ചിട്ടുള്ള ജയദേവ് ഉനദ്കട്ട് 392 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഒരു പേസറെന്ന നിലയിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഈ റെക്കോർഡ് ആരെയും അതിശയിപ്പിക്കുന്നതാണ്. എന്നാൽ ഐ പി എല്ലിലോ ടി20 ക്രിക്കറ്റിലോ താരത്തിന് തുടരാൻ സാധിച്ചിട്ടില്ല.